പിണറായിയുടെയും വി ഡി സതീശന്‍റെയും നിലപാടുകള്‍ക്കും ലേഖനത്തില്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. 

ദില്ലി: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം പി ചിദംബരം (P Chidambaram). ബിഷപ്പിന്‍റെ (Joseph Kallarangatt) നാര്‍ക്കോട്ടിക് പരാമര്‍ശം വികലമായ ചിന്തയില്‍ നിന്നുണ്ടായതാണെന്ന് ചിദംബരം കുറ്റപ്പെടുത്തി. ഒരു ഭാഗത്ത് മുസ്ലീങ്ങളും മറുഭാഗത്ത് മറ്റുള്ളവരുമെന്ന ചിന്ത സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ളതാണ്. പാലാ ബിഷപ്പിനെ തീവ്രഹിന്ദു നിലപാടുകാര്‍ പിന്തുണച്ചതില്‍ അത്ഭുതമില്ലെന്നും രണ്ട് കൂട്ടരുടെയും ലക്ഷ്യം ഒന്നു തന്നെയാണെന്നും ചിദംബരം തുറന്നടിച്ചു. ബിഷപ്പിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെയും നിലപാടുകളെ ഇന്ത്യന്‍ എക്സ്‍പ്രസ് പത്രത്തിലെഴുതിയ ലേഖനത്തില്‍ പി ചിദംബരം അഭിനന്ദിക്കുകയും ചെയ്തു.

പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ ബിഷപ്പിന് പിന്തുണയുമായി സിറോ മലബാര്‍ സഭ രംഗത്തെത്തിയിരുന്നു. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു എന്നായിരുന്നു സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പറഞ്ഞത്. ബിഷപ്പ് പറഞ്ഞതിന്‍റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടും നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതമെന്നാണ് സഭയുടെ നിലപാട്. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും വാർത്താക്കുറിപ്പിലൂടെ സിറോ മലബാര്‍ സഭ അറിയിച്ചു. ലൗ ജിഹാദും, നാർക്കോട്ടിക്ക് ജിഹാദുമാണ് ചർച്ച. പ്രണയവും മയക്കുമരുന്നുമൊക്കെ ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരിൽ വിവാദങ്ങൾക്ക് തീ കൊടുത്ത് നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തത്പര കക്ഷികളുടെ വ്യാമോഹം അങ്ങിനെ തന്നെ അവസാനിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.