ദില്ലി: പ്രിയപ്പെട്ട സുഹൃത്തിനെ ആദരിക്കാൻ ഒരു നമസ്തേ ട്രംപ് പരിപാടി കൂടി നടത്തുമോ എന്ന് മോദിയോട് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ചിദംബരം. ഇന്ത്യയിലെ കൊവിഡ് മരണങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് ട്രംപ് നടത്തിയ പരാമർശത്തെ തുടർന്നാണ് ചിദംബരം ഇപ്രകാരം പറഞ്ഞത്. അമേരിക്കൻ പ്രസിഡന്‍റ് തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സംവാദത്തിനിടയിലാണ് കൊവിഡ് മരണങ്ങളുടെ യഥാർത്ഥ കണക്ക് ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല എന്ന് ട്രംപ് പറഞ്ഞത്. ഇതിനെ തുടർന്നാണ് പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി ചിദംബരം എത്തിയത്. 

ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ കൊവിഡ് മൂലം എത്ര പേർ മരിച്ചുവെന്ന് ആർക്കുമറിയില്ലെന്നും കൊവി‍ഡ് മരണങ്ങളുടെ യഥാർത്ഥ കണക്ക് ഈ രാജ്യങ്ങൾ വെളിപ്പെടുത്തിയില്ലെന്നുമാണ് ട്രംപ് പറഞ്ഞത്.അതുപോലെ വായുമലിനീകരണത്തിന്റെ കാര്യത്തിലും ഇന്ത്യയെ കുറ്റപ്പെടുത്തിയാണ് ട്രംപ് സംസാരിച്ചതെന്നും ചിദംബരം ചൂണ്ടിക്കാണിച്ചു. 

ഇന്ത്യ, റഷ്യ, ചൈന എന്നീ മൂന്ന് രാജ്യങ്ങൾ കൊവിഡ് മരണങ്ങളുടെ യഥാർത്ഥ കണക്ക് മറച്ചുവച്ചിരിക്കുകയാണ് എന്ന് ട്രംപ് പറഞ്ഞു. ഈ മൂന്ന് രാജ്യങ്ങളാണ് വായുമലിനീകരണത്തിന് കാരണമാകുന്നതെന്നും ട്രംപ് ആരോപിച്ചു. പ്രിയ സുഹൃത്തിനെ ആദരിക്കാൻ ഒരു നമസ്തേ ട്രംപ് പരിപാടി കൂടി മോദി നടത്തുമോ? ചിദംബരം ട്വീറ്റിൽ കുറിച്ചു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനുമായുള്ള സംവാദത്തിനിടയിൽ ചൈനയെ ആവർത്തിച്ച് വിമർശിക്കുകയും കൂടി ചെയ്തു ട്രംപ്. 

ഒരു മില്യണിലധികം ജനങ്ങൾ മരിക്കുകയും 30 മില്യണിലധികം ജനങ്ങൾക്ക് ബാധിക്കുകയും ചെയ്ത കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിൽ നിന്നാണെന്നും ട്രംപ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും വായുമലിനീകരണത്തെക്കുറിച്ചും സംസാരിച്ച വേളയിലാണ് ഇന്ത്യയും ചൈനയും റഷ്യയുമാണ് അന്തരീഷത്തിൽ മാലിന്യങ്ങൾ പുറന്തള്ളുന്നതെന്നും ട്രംപ് ആരോപിച്ചു.