2023 മാർച്ചിലാണ് അപ്പാർട്ട്‌മെന്‍റിലെ 20 ഫ്‌ളാറ്റുകളിൽ ഒന്ന് താൻ വാങ്ങിയതെന്നും 1.2 കോടി രൂപ നൽകിയെന്നും വിദ്യാസാഗർ പറയുന്നു. പിന്നീട് വായ്പയ്ക്കായി ഒരു ബാങ്കിനെ സമീപിച്ചപ്പോൾ 2021ൽ അതേ ഫ്ലാറ്റിന്‍റെ വിൽപ്പന നടന്നതായി അറിഞ്ഞ് ഞെട്ടി.

ബെംഗളൂരു: താൻ വാങ്ങാനായി 1.2 കോടി രൂപ അടച്ച ഫ്ലാറ്റ് വ്യാജരേഖ ചമച്ച് മറ്റൊരാൾക്ക് വിറ്റെന്ന പരാതിയുമായി 53കാരനായ ഓഡിറ്റർ. ഇതേ അപ്പാർട്ട്‌മെന്‍റിലെ മറ്റ് അഞ്ച് ഫ്‌ളാറ്റുകളും ഒന്നിലധികം പേർക്ക് വിറ്റെന്ന് വിദ്യാസാഗർ എന്ന ഓഡിറ്റർ പറയുന്നു. റിയൽ എസ്റ്റേറ്റ് കമ്പനി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഓഡിറ്റർ ഉൾപ്പെടെ ആറ് പേർ പൊലീസിൽ പരാതി നൽകി. ബെംഗളൂരുവിലാണ് സംഭവം.

ബനസങ്കരി പൊലീസ് സ്റ്റേഷനിലാണ് പരാതി എത്തിയത്. രാജരാജേശ്വരെ ബിൽഡ്‌കോൺ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്ടർമാരായ മിതേഷ് ഷാ, രഞ്ജിത് ഷാ, ഹരീഷ് ഷാ എന്നിവർക്കെതിരെയാണ് വിദ്യാസാഗർ പരാതി നൽകിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2023 മാർച്ചിലാണ് അപ്പാർട്ട്‌മെന്‍റിലെ 20 ഫ്‌ളാറ്റുകളിൽ ഒന്ന് താൻ വാങ്ങിയതെന്നും 1.2 കോടി രൂപ നൽകിയെന്നും വിദ്യാസാഗർ പറയുന്നു. പിന്നീട് വായ്പയ്ക്കായി ഒരു ബാങ്കിനെ സമീപിച്ചപ്പോൾ 2021ൽ അതേ ഫ്ലാറ്റിന്‍റെ വിൽപ്പന നടന്നതായി അറിഞ്ഞ് ഞെട്ടിയെന്ന് വിദ്യാസാഗർ പറയുന്നു. നിർമാണം നടക്കുന്നതിനിടെ തന്നെ വിൽപ്പനയ്ക്ക് കരാറായിരുന്നുവെന്ന് കണ്ടെത്തി. 

കെട്ടിടവുമായി ബന്ധപ്പെട്ട ചില രേഖകളിൽ കാണുന്നത് സ്ഥാപനം ഒരു കുടുംബത്തിന് ആറ് ഫ്ലാറ്റുകൾ വിറ്റെന്നാണ്. അതിൽ ഒരു ഫ്ലാറ്റ് വിദ്യാസാഗറിന്‍റേതായിരുന്നു. മറ്റ് അഞ്ച് ഫ്‌ളാറ്റുകളും ഇത്തരത്തിൽ പലർക്കായി വിറ്റെന്ന് മനസ്സിലായതായി വിദ്യാസാഗർ പറയുന്നു. തുടർന്ന് വിദ്യാസാഗർ ഡെവലപ്പർമാർക്ക് വക്കീൽ നോട്ടീസ് അയച്ചു. വിഷയം ഒത്തുതീർപ്പാക്കാമെന്ന് അവർ പറഞ്ഞെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് വിദ്യാസാഗർ പറയുന്നു. തുടർന്ന് പൊലീസിനെ സമീപിച്ചെന്നും അദ്ദേഹം പറഞ്ഞു.

"കെട്ടിട സമുച്ചയത്തിൽ 20 ഫ്‌ളാറ്റുകളാണുള്ളത്. ആറ് ഫ്‌ളാറ്റുകളുടെ ഉടമകളെ കബളിപ്പിച്ചതെങ്ങനെയെന്ന് വ്യക്തമാക്കുന്ന ഒരു മുന്നറിയിപ്പ് ബോർഡ് ഞങ്ങൾ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുണ്ട്"- വിദ്യാസാഗർ കൂട്ടിച്ചേർത്തു. പരാതി ലഭിച്ചിട്ടുണ്ടെന്ന് ബനസങ്കരി പൊലീസ് സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. (ചിത്രം പ്രതീകാത്മകം)

റോഡരികിൽ നിർത്തിയിട്ടതാ, രാവിലെ കാണാനില്ല; കണ്ണൂരിൽ കള്ളന്മാർ കൊണ്ടുപോയത് ക്രെയ്ൻ! സിസിടിവി ദൃശ്യം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം