ദില്ലി : ബുധനാഴ്ച ഒരു പാക് എംപി വിങ് കമാണ്ടർ അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യയിലേക്ക് തിരികെ പറഞ്ഞുവിടാനുണ്ടായ സാഹചര്യത്തെപ്പറ്റി ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇന്ത്യ പാകിസ്താനെ അക്രമിച്ചേക്കും എന്ന് ഭയപ്പെട്ടാണ് പാകിസ്ഥാൻ ഗവൺമെന്റ് പാകിസ്ഥാന്റെ അതിർത്തിക്കുള്ളിൽ അകപ്പെട്ടുപോയ അഭിനന്ദൻ വർത്തമാൻ എന്ന ഭാരതീയ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റിനെ ദിവസങ്ങൾക്കുള്ളിൽ തിരികെ വിട്ടത് എന്ന് പാകിസ്ഥാൻ മുസ്ലിം ലീഗിന്റെ പാർലമെന്റംഗം അയാസ് സാദിഖ്  സമ്മതിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 

ഈ വീഡിയോ തന്റെ ട്വിറ്റർ ഹാൻഡിൽ വഴി പുറത്തുവിട്ടുകൊണ്ട് ബിജെപി ദേശീയ അധ്യക്ഷൻ ജഗത് പ്രതാപ് നഡ്ഡ, രാഹുൽ ഗാന്ധിക്കുനേരെ ഒരു പരിഹാസ ശരം കൂടി തൊടുത്തുവിട്ടു. "കോൺഗ്രസിന്റെ രാജകുമാരന്, ഇന്ത്യൻ ആയിട്ടുള്ള ഒന്നിലും വിശ്വാസമില്ല. പറയുന്നത് നമ്മുടെ സൈന്യം ആയാലും, ഗവണ്മെന്റ് ആയാലും, പൗരന്മാർ ആയാലും രാഹുൽ ഗാന്ധി അത് വിശ്വസിക്കില്ല. അതുകൊണ്ട് രാഹുലിന്റെ 'മോസ്റ്റ് ട്രസ്റ്റഡ് നേഷൻ' പദവിയിലുള്ള പാകിസ്ഥാനിൽ നിന്ന് ഒരാൾ ഇതാ ചിലത് വെളിപ്പെടുത്തുന്നു. ഇതെങ്കിലും രാഹുൽ വിശ്വസിച്ചിരുന്നെങ്കിൽ....! " എന്നായിരുന്നു നഡ്ഡയുടെ പരിഹാസ ട്വീറ്റ്. 

"അഭിനന്ദനെപ്പറ്റി എന്ത് പറയാൻ. വിദേശ കാര്യമന്ത്രി ഷാ മെഹമൂദ് ഖുറൈശി സാബ് പങ്കെടുത്ത, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വരാൻ വിസമ്മതിച്ച, ചീഫ് ഓഫ് ആർമി സ്റ്റാഫ് പങ്കെടുത്ത ആ നിർണായക മീറ്റിങ് എനിക്കോര്മയുണ്ട്. ഖുറൈശി സാബിന്റെ മുട്ടിടിക്കുന്നുണ്ടായിരുന്നു. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിട്ടുണ്ടായിരുന്നു. അഭിനന്ദനെ എത്രയും പെട്ടെന്ന് വിട്ടയക്കണം എന്ന് അദ്ദേഹം ആർമി ചീഫിനോട് പറഞ്ഞു. വീട്ടില്ലെങ്കിൽ, ഇന്ന് രാത്രി ഒമ്പതുമണിയോടെ ഇന്ത്യ നമ്മളെ ആക്രമിക്കും." എന്ന് അയാസ് ഷാഹിദ് പറയുന്നതിന്റെ വീഡിയോ ആണ് ജെപി നഡ്ഡ ട്വീറ്റ് ചെയ്തത്.