അറബിക്കടലിൽ സാങ്കേതിക തകരാർ മൂലം കുടുങ്ങിയ 'എംവി ഗൗതം' എന്ന ഇന്ത്യൻ ചരക്കുകപ്പലിന് പാകിസ്ഥാൻ നാവികസേന സഹായം നൽകി. ഗുജറാത്തിൽ നിന്ന് മസ്‌കറ്റിലേക്ക് പോവുകയായിരുന്ന കപ്പലിലെ ആറ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കാണ് പാക് നാവികസേനയുടെ നിരീക്ഷണ കപ്പൽ സഹായമെത്തിച്ചത്.

ദില്ലി: അറബിക്കടലിൽ സാങ്കേതിക തകരാർ സംഭവിച്ച് കുടുങ്ങിപ്പോയ ഇന്ത്യൻ ചരക്കുകപ്പലിന് പാക് നാവികസേന സഹായമെത്തിച്ചു. കടലിൽ വെച്ച് എൻജിൻ നിലച്ച 'എംവി ഗൗതം' എന്ന കപ്പലിനാണ് പാക് നാവികസേനയുടെ നിരീക്ഷണ കപ്പൽ രക്ഷക്കെത്തിയത്. ഗുജറാത്തിലെ പോർബന്ദറിൽ നിന്ന് മസ്‌കറ്റിലേക്ക് പോവുകയായിരുന്നു കപ്പൽ. എൻജിൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് കപ്പൽ കടലിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകി. ഇതിന് പിന്നാലെ കപ്പലിൽ നിന്ന് അടിയന്തര സഹായ അഭ്യർത്ഥന പുറപ്പെടുവിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ആറ് ഇന്ത്യാക്കാരും ഒരു ഇന്തോനേഷ്യക്കാരനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. സഹായ അഭ്യർത്ഥന ആദ്യം മുംബൈയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെൻ്ററിലാണ് എത്തിയത്. ഇവിടെ നിന്നാണ് പാകിസ്ഥാനിലേക്ക് സഹായ അഭ്യർത്ഥന പോയത്. ഈ സമയത്ത് കടലിൽ നിരീക്ഷണം നടത്തുകയായിരുന്നു പാകിസ്ഥാൻ നാവികസേനയുടെ കപ്പൽ. സന്ദേശം ലഭിച്ചതിനെ തുടർന്ന് പാകിസ്ഥാൻ നാവിക ഉദ്യോഗസ്ഥർ കപ്പലിലെത്തി. ഇവർ കപ്പലിലെ ജീവനക്കാർക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം, മരുന്നുകളും കൈമാറി.

കടലിലെ അപകടസാഹചര്യങ്ങളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് പാകിസ്ഥാൻ സഹായം നൽകിയത്. ഇന്ത്യയുമായുള്ള വൈര്യത്തിനിടയിലും ഇന്ത്യൻ കപ്പലിന് സഹായമെത്തിച്ച പാകിസ്ഥാൻ നാവികസേനയുടെ നടപടി വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. കഴിഞ്ഞ മാസവും അറബിക്കടലിലെ അടിയന്തിര സഹായ അഭ്യർത്ഥന കേട്ട് എത്തിയ പാക് നാവികസേന 18 വിദേശ കപ്പൽ ജീവനക്കാരെ രക്ഷിച്ചിരുന്നു.