പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട കാമുകനെ കാണാനാണ് മക്കളോടൊത്ത് സീമ ഹൈദര്‍ ആദ്യമായി ഇന്ത്യയിലെത്തുന്നത്. എന്നാല്‍ അനധികൃതമായി ഇന്ത്യയിലെത്തിയ സീമയെ ഐഎസ്ഐ ഏജന്‍റ് ആണെന്ന് സംശയിക്കപ്പെട്ടിരുന്നു
നോയിഡ: പൗരത്വനിയമ ഭേദഗതിയെ പിന്തുണച്ച് ഇന്ത്യയിലേക്ക് കുടിയേറിയ പാക് സ്വദേശി സീമ ഹൈദര്‍. പല തവണ വാര്‍ത്തകളിലൂടെ സുപരിചിതയായ സീമ ഹൈദറിന്‍റെ ഇന്ത്യയിലേക്കുള്ള വരവ് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും വിവാദമാവുകയും ചെയ്തതാണ്.
പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട കാമുകനെ കാണാനാണ് മക്കളോടൊത്ത് സീമ ഹൈദര്‍ ആദ്യമായി ഇന്ത്യയിലെത്തുന്നത്. എന്നാല്‍ അനധികൃതമായി ഇന്ത്യയിലെത്തിയ സീമയെ ഐഎസ്ഐ ഏജന്‍റ് ആണെന്ന് സംശയിക്കപ്പെട്ടിരുന്നു. പിന്നീട് സീമയും കാമുകൻ സച്ചിനും അറസ്റ്റിലാവുകയും ചെയ്തിരുന്നു. എങ്കിലും ഇരുവരെയും ജാമ്യത്തില്‍ വിട്ടയച്ചു. സീമ ഹൈദറിന്‍റെ പേരില്‍ പലയിടങ്ങളിലും സംഘര്‍ഷങ്ങളും പ്രശ്നങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ തിരിച്ചുപോകില്ലെന്ന് ഇവരുടെ വാശി ഒടുവില്‍ താല്‍ക്കാലികമായെങ്കിലും ഫലം കാണുകയായിരുന്നു.
കാമുകനൊപ്പം താമസിക്കാൻ അനുവാദം നല്‍കണമെന്ന് രാഷ്ട്രപതിക്ക് ഹര്‍ജി നല്‍കുകയും തുടര്‍ന്ന് ഹിന്ദുമതത്തിലേക്ക് താൻ മതം മാറിയെന്നും ആചാരപ്രകാരം കാമുകനായ സച്ചിൻ മീണയുമായി വിവാഹം നടത്തിയെന്നും ഇവര്‍ അറിയിച്ചു.
ഇപ്പോള്‍ ഗ്രേറ്റര്‍ നോയിഡയിലാണ് സീമ ഹൈദര്‍ താമസിക്കുന്നത്. സച്ചിനും മക്കള്‍ക്കുമൊപ്പം തന്നെയാണ് സീമയുള്ളത്. പൗരത്വനിയമ ഭേദഗതി മൂലം തനിക്ക് ഇന്ത്യൻ പൗരത്വം കിട്ടുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇവര്‍ പ്രശംസിക്കുന്നു.
'നമ്മുടെ രാജ്യത്ത് പൗരത്വനിയമ ഭേദഗതി നടപ്പിലാക്കയിരിക്കുകയാണ് ഇപ്പോള്‍. ഇതില്‍ സര്‍ക്കാര്‍ അകമഴിഞ്ഞ അഭിനന്ദനം അര്‍ഹിക്കുന്നു. മോദി ജീ എന്താണ് വാഗ്ദാനം ചെയ്തത് എങ്കില്‍ അത് നടത്തി കാണിച്ചിരിക്കുന്നു...'- മക്കള്‍ക്കും സച്ചിനുമൊപ്പമുള്ള വീഡിയോയില്‍ സീമ ഹൈദര്‍ പറയുന്നു. 'ജയ് ശ്രീറാം', 'രാധേ രാധേ', 'ഭാരത് മാതാ കീ ജയ്' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും ഇവര്‍ വീഡിയോയില്‍ വിളിക്കുന്നുണ്ട്.
എന്തായാലും നിലവില്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്ന പൗരത്വനിയമ ഭേദഗതിയില്‍ സീമ ഹൈദറിന് ഗുണമുണ്ടാകില്ല. 2014 ഡിസംബര്‍ 31ന് മുമ്പായി ഇന്ത്യയിലേക്ക് കുടിയേറിയ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാൻ പൗരര്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകളാണ് ഇതില്‍ പരിഗണിക്കുന്നുള്ളൂ. സീമ ഹൈദര്‍ 2023ലാണ് നേപ്പാള്‍ വഴി ഇന്ത്യയിലെത്തുന്നത്.
മുമ്പ് ചന്ദ്രയാൻ- 3 ലാൻഡിംഗ് വിജയകരമായി നടക്കുന്നതിന് പ്രാര്‍ത്ഥിക്കുന്ന സീമയുടെ വീഡിയോയും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭര്‍ത്താവിനെ പരിഹസിച്ച അയല്‍ക്കാരിക്കെതിരെ കേസെടുക്കാനൊരുങ്ങിയതും മോദിക്കും അമിത് ഷായ്ക്കും രാഖി അയച്ചുകൊടുത്തതും സിനിമയില്‍ അഭിനയിക്കാൻ തയ്യാറെടുക്കുന്നതുമെല്ലാം സീമ ഹൈദറിനെ ശ്രദ്ധേയമാക്കിയിരുന്നു.
Also Read:- സിഎഎ പ്രതിഷേധം; ദില്ലി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
