അതിർത്തിയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് സൈന്യം. കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി സാഹചര്യം നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുംഅതിർത്തിയില്‍ പാക് പ്രകോപനം തുടരുന്നതിനിടെ ജാഗ്രത കർശനമാക്കി സൈന്യം. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് സൈന്യം അറിയിച്ചു. കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി സാഹചര്യം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. നിയന്ത്രണ രേഖയിലെ സാധാരണക്കാർക്ക് നേരെയുള്ള നടപടിക്ക് തക്കതായ തിരിച്ചടി നല്‍കാന് സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ആക്രണത്തിന് മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടുവരുമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. വിദേശ രാജ്യങ്ങളോടാണ് ഇക്കാര്യത്തിൽ ഇന്ത്യ നിലപാടറിയിച്ചത്. പാകിസ്ഥാൻ ഇനി ആക്രമണത്തിന് മുതിർന്നാൽ ഇന്ത്യ ശക്തമായി തിരിച്ചിടിക്കും. പാകിസ്ഥാന്‍റെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ മടിക്കില്ലെന്നും വിദേശ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ അറിയിച്ചു.

പാകിസ്ഥാന് ചുട്ട മറുപടി നല്‍കി ഇന്ത്യ

പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് ചുട്ട മറുപടി നല്‍കി ഇന്ത്യ. ഇന്ന് പുലര്‍ച്ചെ ഒന്ന് അഞ്ചിന് നടന്ന ആക്രമണത്തില്‍ പാകിസ്ഥാനിലെ 9 തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്‍റെ 14 കുടുംബാംഗങ്ങളെങ്കിലും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അനിവാര്യമായ മറുപടിയാണ് നല്‍കിയതെന്നും, പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദൂര്‍

പുലര്‍ച്ചെ 1.05 മുതല്‍ ഒന്നര വരെ നീണ്ടു നിന്ന ശക്തമായ ആക്രമണമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. പഹല്‍ഗാമില്‍ സിന്ദൂരം മായ്ക്കപ്പെട്ട സ്ത്രീകളുടെ കണ്ണീരിന് , തീമഴയായി പാകിസ്ഥാനോട് പകരം വീട്ടല്‍. പ്രധാനമന്തി നരേന്ദ്രമോദി തന്നെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടു. ഭവല്‍ പൂര്‍, മുറിട്കേ, സിലാല്‍ കോട്ട്, കോട്ലി, ഭിംബീര്‍, ടെഹ്റകലാന്‍, മുസഫറബാദ് എന്നിവടങ്ങളിലായി ഒന്‍പത് ഭീകര കേന്ദ്രങ്ങളുടെ മേല്‍ റഫാല്‍ വിമനത്തില്‍ നിന്ന് മിസൈലുകള്‍ വര്‍ഷിച്ചു. ഒന്ന് നാല്‍പത്തി നാലിന് ആദ്യ വാര്‍ത്താ കുറിപ്പിറക്കി പ്രതിരോധ മന്ത്രാലയം രാജ്യം കാത്തിരുന്ന ആക്രമണത്തിന്‍റെ വിവരങ്ങള്‍ ലോകത്തോട് പറഞ്ഞു. പിന്നാലെ ആക്രമണ സ്ഥലങ്ങളുടെ ദൃശ്യങ്ങളടക്കം പുറത്തുവന്നു.