ദില്ലി: ലോകത്താകമാനം കൊവിഡ് പടരുമ്പോള്‍ ഇന്ത്യ മറ്റുരാജ്യങ്ങളെ സഹായിക്കാന്‍ മരുന്നും മറ്റ് ആരോഗ്യ ഉപകരണങ്ങളും കയറ്റുമതി ചെയ്യുമ്പോള്‍ പാകിസ്ഥാന്‍ തീവ്രവാദമാണ് കയറ്റുമതി ചെയ്യുന്നതെന്ന് കരസേന മേധാവി എം എം നരാവനെ. നിയന്ത്രണ രേഖ മേഖലയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ സൈന്യം സിവിലിയന്‍ന്മാര്‍ക്കുനേരെ ആക്രമണമഴിച്ചുവിടുന്ന പശ്ചാത്തലത്തിലാണ് കരസേന മേധാവി സന്ദര്‍ശനം നടത്തിയത്. 

കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യ മറ്റുരാജ്യങ്ങളിലേക്ക് മെഡിക്കല്‍ സംഘത്തെയും മരുന്നും കയറ്റി അയക്കുമ്പോള്‍ തീവ്രവാദം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ പാകിസ്ഥാന്റെ നടപടി നിര്‍ഭാഗ്യകരമാണെന്നും കുപ്വാരയിലെ ഗുജ്ജറുകളെ പാക് സൈന്യം ലക്ഷ്യം വെക്കുന്നതും അദ്ദേഹം സൂചിപ്പിച്ചു. പാക് വെടിവെപ്പില്‍ എട്ട് വയസ്സുകാരനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ വര്‍ഷം 1,200 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദികള്‍ക്കെതിരെയും അവരെ പിന്തുണക്കുന്നവര്‍ക്കെതിരെയും ഇന്ത്യ ശക്തമായി തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന നയം പാകിസ്ഥാന്‍ തിരുത്തണമെന്നും മേഖലയില്‍ സമാധാനം കൊണ്ടുവരണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.