യുവതിയില്‍ നിന്ന് തട്ടിപ്പിലൂടെ നേടിയ പണത്തില്‍ ഒന്നര ലക്ഷം രൂപ വൈത്തിരി സ്വദേശിയായ വിഷ്ണു എന്നയാളുടെ അക്കൗണ്ടിലേക്ക് വരികയും ആ പണമടക്കം മൂന്നര ലക്ഷത്തോളം രൂപ വിഷ്ണു ചെക്ക് വഴി പിന്‍വലിച്ച് അഷ്‌കര്‍ അലിക്ക് കൈമാറുകയുമായിരുന്നു.
കല്‍പ്പറ്റ: ഓണ്‍ലൈന്‍ ട്രേഡിങ് വഴി പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഡല്‍ഹി സ്വദേശിനിയില്‍ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. വയനാട് വെങ്ങപ്പള്ളി സ്വദേശി അഷ്‌കര്‍ അലി(30)യെയാണ് വയനാട് സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫും സംഘവും ബെംഗളുരുവില്‍ നിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബര്‍ മാസമാണ് ഡല്‍ഹി സ്വദേശിനിയെ സൈബര്‍ തട്ടിപ്പ് സംഘം ടെലഗ്രാം വഴി ട്രേഡിങ് നടത്തി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ചതിയില്‍ വീഴ്ത്തിയത്.
യുവതിയില്‍ നിന്ന് തട്ടിപ്പിലൂടെ നേടിയ പണത്തില്‍ ഒന്നര ലക്ഷം രൂപ വൈത്തിരി സ്വദേശിയായ വിഷ്ണു എന്നയാളുടെ അക്കൗണ്ടിലേക്ക് വരികയും ആ പണമടക്കം മൂന്നര ലക്ഷത്തോളം രൂപ വിഷ്ണു ചെക്ക് വഴി പിന്‍വലിച്ച് അഷ്‌കര്‍ അലിക്ക് കൈമാറുകയുമായിരുന്നു. വിഷ്ണുവിനെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പ് സംഘത്തിനിടയില്‍ പ്രവര്‍ത്തിച്ച അഷ്‌കര്‍ അലി മറ്റ് പലരെയും ഇത്തരത്തില്‍ തട്ടിപ്പിന് വിധേയമാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് നോര്‍ത്ത് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട അഷ്‌കര്‍ അലി പിന്നീട് ബെംഗളുരുവിലേക്ക് എത്തി.
അഷ്കർ ബെംഗളൂരുവിലുണ്ടെന്ന സൂചനയനുസരിച്ചാണ് വയനാട് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം പ്രതിയെ അന്വേഷണ സംഘം ബെംഗളുരുവിലെത്തി പിടികൂടിയത്. പ്രതിയുടെ ഫോണില്‍ നിരവധിയാളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സൂക്ഷിച്ച് ഷെയര്‍ ചെയ്തതായി വ്യക്തമായിട്ടുണ്ട്. അഷ്‌കര്‍ അലിയില്‍ നിന്നും പണം സ്വീകരിച്ച മറ്റ് പ്രതികളെ കുറിച്ചും അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു. അഷ്‌കര്‍ അലിയെ കല്‍പ്പറ്റ സി.ജെ.എം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൊലീസ് സംഘത്തില്‍ എഎസ്‌ഐ കെ. റസാഖ്, പി. ഹാരിസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജോജി ലൂക്ക, സിവില്‍ പൊലീസ് ഓഫീസര്‍ ജിനീഷ് എന്നിവരും ഉണ്ടായിരുന്നു.


