Asianet News MalayalamAsianet News Malayalam

അഭിനന്ദൻ തിരിച്ചെത്തി; അഭിമാനത്തോടെ ഇന്ത്യ,അതിര്‍ത്തിയിൽ ഊഷ്മള വരവേൽപ്പ്

ദേശീയ പതാകകളുമായി വൻ ജനാവലിയാണ് അഭിനന്ദിനെ വരവേൽക്കാൻ എത്തിയത്. ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടത്തി വിംങ് കമാന്‍ററെ കൈമാറണമെന്ന് പാകിസ്ഥാൻ നിര്‍ബന്ധം പിടിച്ചെങ്കിലും ഇന്ത്യ വഴങ്ങിയില്ല.

pakistan handed over Wing Commander Abhinandan Varthaman to india
Author
Wagah, First Published Mar 1, 2019, 5:30 PM IST

അമൃത്സര്‍: വിങ് കമാന്‍റര്‍ അഭിനന്ദൻ വര്‍ദ്ധമാനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറി. വൈകീട്ട് അഞ്ചരയോടെ വാഗാ അതിര്‍ത്തിയിൽ റെഡ് ക്രോസിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റ ചടങ്ങ്. ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും നൂറ് കണക്കിന് ആളുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഗ അതിര്‍ത്തിയിൽ വിങ് കമാന്‍ററെ കാത്ത് നിന്നത്. ഇന്ത്യന്‍ വ്യോമസേനാ എയര്‍ വൈസ് മാര്‍ഷല്‍മാരായ രവി കപൂറും ആര്‍ജികെ കപൂറുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഔദ്യോഗികമായി അഭിനന്ദനെ ഏറ്റുവാങ്ങിയത്. 

ലഹോറിൽ പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ടാണ് പാക് സൈന്യം അഭിനന്ദനെ കൈമാറിയത്.  വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിങ് കമാന്‍ററെ സ്വീകരിക്കാൻ വാഗാ അതിര്‍ത്തിയിലെത്തിയിരുന്നു. അഭിനന്ദന്‍റെ കുടുംബാംഗങ്ങളും സ്വീകരണ ചടങ്ങിന് എത്തി. വൻ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിരുന്നത്.

ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടത്തിയ ശേഷം കൈമാറാമെന്നായിരുന്നു ആദ്യം പാകിസ്ഥാൻ നിലപാട്. സമാധാന സന്ദേശത്തിന്‍റെ ഭാഗമായി കൂടിയാണ് അഭിനന്ദനെ കൈമാറുന്നതെന്ന സന്ദേശം ലോക രാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് പാകിസ്ഥാൻ ശ്രമിച്ചത്. വാഗാ അതിര്‍ത്തിയിൽ എല്ലാ ദിവസവും ഇന്ത്യയും പാകിസ്ഥാനും സംയുക്തമായാണ് സാധാരണ പതാക താഴ്ത്തൽ ചടങ്ങ് നടത്താറുള്ളത്. 

എന്നാൽ ഭീകരവാദത്തോട് സന്ധിയില്ലെന്ന നിലപാടെടുത്ത ഇന്ത്യ ഇന്നത്തെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. പതാക താഴ്ത്തൽ ചടങ്ങ് തന്നെ ഇന്ത്യ ഉപേക്ഷിച്ചു. അഭിനന്ദിനെ വിട്ട് നൽകുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ച ശേഷവും പ്രകോപനമുണ്ടായാൽ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. 

പാക് പിടിയിലായി മൂന്ന് ദിവസത്തിനകം തന്നെ വിങ് കമാന്‍റര്‍ അഭിനന്ദിനെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനായത് വലിയ നയതന്ത്ര വിജയമെന്നാണ് വിലയിരുത്തുന്നത്. അമേരിക്കയും സൗദി അറേബ്യയും അടക്കം ലോക രാജ്യങ്ങൾ എടുത്ത നിലപാടും ഇന്ത്യക്ക് സഹായകമായി. 

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും വാഗാ അതിര്‍ത്തിയിലേക്ക് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. നിര്‍മ്മലാ സീതാരാമൻ കശ്മീരിലായത് കൊണ്ട് വാഗയിലെത്താനായില്ല. ഇത്തരമൊരു കൈമാറ്റ ചടങ്ങിൽ നിന്ന് രാഷ്ട്രീയക്കാര്‍ വിട്ട് നിൽക്കുന്നതാണ് നല്ലതെന്ന ധാരണയെ തുടര്‍ന്നാണ് പഞ്ചാബ് മുഖ്യമന്ത്രി സ്വീകരണ ചടങ്ങിൽ നിന്ന് വിട്ടു നിന്നത്. 

Follow Us:
Download App:
  • android
  • ios