ദില്ലി: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കെതിരെ പരാമര്‍ശം നടത്തിയ പാകിസ്ഥാന്‍ പ്രതിനിധിക്ക് മറുപടി നല്‍കി ഇന്ത്യ. പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ വിഷം വമിപ്പിക്കുകയാണെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും യുഎന്നിലെ ഇന്ത്യന്‍ ഡെപ്യൂട്ടി പ്രതിനിധി നാഗരാജ് നായിഡു പറഞ്ഞു. പാക് പ്രതിനിധി ഇന്ത്യക്കെതിരെ  നിരന്തരമായി വെറുപ്പ് സംസാരിക്കുകയാണ്. ഈ പ്രതിനിധി എപ്പോള്‍ സംസാരിക്കുമ്പോഴും ഇന്ത്യക്കെതിരെ വിഷം വമിപ്പിക്കും.

തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ഇന്ത്യന്‍ പ്രതിനിധി കുറ്റപ്പെടുത്തി. പാകിസ്ഥാന്‍ അവരുടെ പ്രശ്നങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ ഇന്ത്യക്കെതിരെ തെറ്റായ പ്രചാരണം അഴിച്ചു വിടുകയാണ്. പാകിസ്ഥാന്‍റെ വാചക കസര്‍ത്ത് ആരും ഗൗരവമായി എടുക്കുന്നില്ലെന്നും സാധാരണ നയതന്ത്ര രീതിയിലേക്ക് തിരിച്ചുവരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാറിന്‍റെ അതിക്രമം അവസാനിപ്പിക്കാന്‍ യുഎന്‍ രക്ഷാസമിതി ഇടപെടണമെന്ന് പാകിസ്ഥാന്‍ പ്രതിനിധി മുനീര്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു.

യുഎന്‍ രക്ഷാസമിതിയുടെ ഒടുവിലത്തെ യോഗത്തില്‍ കശ്മീരില്‍ സൈനിക വിന്യാസം കുറക്കാനും അക്രമം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടെന്ന് മുനീര്‍ ഖാനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയുടെ പിന്തുണയോടെ രക്ഷാസമിതിയില്‍ പാകിസ്ഥാന്‍ കശ്മീര്‍ വിഷയം ഉന്നയിക്കുന്നതിനെ മുമ്പും ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രക്ഷാസമിതിയിലെ അംഗത്തെ ഉപയോഗിച്ച് പാകിസ്ഥാന്‍ വേദികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.

യുഎന്നില്‍ ഇത് മൂന്നാം തവണയാണ് ചൈനയും പാകിസ്ഥാനും കശ്മീര്‍ വിഷയം ഉന്നയിക്കുന്നത്. എന്നാല്‍, കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് രക്ഷാസമിതിയിലെ മറ്റ് അംഗങ്ങളുടെ നിലപാട്. 
കഴിഞ്ഞ ദിവസം ദാവോസില്‍ നടന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഇന്ത്യക്കെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും രംഗത്തെത്തിയിരുന്നു.