സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാനും കുടുംബത്തിന്‍റെ പൂർവ്വിക സ്വത്ത് അവകാശപ്പെടുന്നതിനുമായി കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നിയന്ത്രണരേഖ മറികടന്നെത്തിയ 22 കാരനായ പാക് അധീന കശ്മീർ സ്വദേശിയെ ഇന്ത്യൻ സൈന്യം പാകിസ്ഥാന് കൈമാറി

ദില്ലി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാനും കുടുംബത്തിന്‍റെ പൂർവ്വിക സ്വത്ത് അവകാശപ്പെടുന്നതിനുമായി കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നിയന്ത്രണരേഖ മറികടന്നെത്തിയ 22 കാരനായ പാക് അധീന കശ്മീർ സ്വദേശിയെ ഇന്ത്യൻ സൈന്യം പാകിസ്ഥാന് കൈമാറി. സീഷാൻ മീർ എന്ന യുവാവിനെയാണ് ജൂലൈ 4 ശനിയാഴ്ച ഉച്ചയ്ക്ക് 12:24-ഓടെ ഉറി സെക്ടറിലെ കമാൻ അമൻ സേതുവിൽ വെച്ച് പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർക്ക് ഔദ്യോഗികമായി കൈമാറിയതെന്ന് ഇന്ത്യൻ സൈന്യം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. മേയ് 31-നാണ് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ ഇന്ത്യൻ സൈന്യം പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുടുംബം പുലർത്താനും സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കാനുമുള്ള നിരന്തരമായ സമ്മർദ്ദം മൂലം മാനസികമായി ബുദ്ധിമുട്ടിലായിരുന്ന സീഷാൻ മീർ, സ്നാപ്ചാറ്റ് വഴിയാണ് ബാരാമുള്ളയിലെ തുൽവാരി ഗ്രാമവാസിയായ ഇറും ബാനോ എന്ന യുവതിയെ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറി. സംഭാഷണങ്ങൾക്കിടയിലാണ് സീഷാൻ മീറിന്‍റെ പൂർവ്വികർ പണ്ട് ഇറും ബാനോ താമസിക്കുന്ന അതേ ഗ്രാമത്തിലായിരുന്നു ജീവിച്ചിരുന്നതെന്ന് ഇരുവരും തിരിച്ചറിഞ്ഞത്. തന്‍റെ കുടുംബപ്രശ്നങ്ങൾ സീഷാൻ പങ്കുവെച്ചപ്പോൾ, അതിർത്തി കടന്ന് തന്‍റെ ഗ്രാമത്തിലേക്ക് വരാൻ ഇറും നിർദ്ദേശിക്കുകയായിരുന്നു.

പ്രണയികളുടെ പ്ലാൻ

അതിർത്തി കടന്ന് നേരിട്ട് ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങാനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനുള്ള നിയമപരമായ ശിക്ഷ അനുഭവിച്ച ശേഷം, ജയിൽ മോചിതനാകുമ്പോൾ ഗ്രാമത്തിലുള്ള തന്‍റെ പൂർവ്വികരുടെ സ്വത്തിന്മേൽ നിയമപരമായി അവകാശവാദം ഉന്നയിച്ച് അവിടെ സ്ഥിരതാമസമാക്കാമെന്നും അവർ കരുതി. എന്നാൽ മേയ് മാസത്തിൽ അതിർത്തി കടക്കാൻ ശ്രമിച്ച സീഷാനെ ഇന്ത്യൻ സൈന്യം പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവാവ് പറഞ്ഞ കാര്യങ്ങൾ സ്ഥിരീകരിക്കാനായി ഇറും ബാനോയെ അധികൃതർ വിളിപ്പിച്ചു. യുവാവിനെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന് ഇറും അധികൃതരോട് അഭ്യർത്ഥിച്ചു. എന്നാൽ സുരക്ഷാ ഏജൻസികൾ സംഭവത്തിന് പിന്നിൽ മറ്റ് ബാഹ്യ ഇടപെടലുകളോ ചാരപ്രവർത്തനങ്ങളോ ഇല്ലെന്ന് പൂർണ്ണമായി ഉറപ്പുവരുത്തിയ ശേഷമാണ് നിയമപരമായ നടപടികളിലേക്ക് കടന്നതും യുവാവിനെ തിരിച്ചയക്കാൻ തീരുമാനിച്ചതും. ഇന്ത്യയിൽ കഴിഞ്ഞിരുന്ന സമയത്ത് മാനുഷിക മൂല്യങ്ങൾ മുൻനിർത്തി അർഹമായ പരിഗണനയോടും പരിചരണത്തോടും കൂടിയാണ് സീഷാനോട് സൈന്യം പെരുമാറിയതെന്നും ചീനാർ കോർപ്സ് വ്യക്തമാക്കി.

YouTube video player