ചെന്നൈ: മഹാബലിപുരത്ത് നടക്കുന്ന ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിക്കെതിരെ പാക്കിസ്ഥാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് പ്രധാനമായും ട്വിറ്ററില്‍ പ്രചരിച്ച ഹാഷ് ടാഗ് ക്യാമ്പയിന് പിന്നില്‍ പാകിസ്ഥാനാണെന്നാണ് റിപ്പോര്‍ട്ട്. 

വിവിധ ട്വീറ്റുകളെയും  കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങളെയും  ഉദ്ധരിച്ച് ഇന്ത്യ ടുഡേ, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ ട്വിറ്ററില്‍ ട്രെന്റിങ്ങായ #gobackmodi എന്ന ഹാഷ് ടാഗ് ക്യാമ്പയിന്‍ പാകിസ്ഥാനിലെ വിവിധ ട്വിറ്റര്‍ ഹന്‍ഡിലുകള്‍ വഴിയുള്ള ഓപ്പറേഷനിലാണ് ഉരുത്തിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

ഈ ഹാഷ് ടാഗില്‍ ഭൂരിപക്ഷവും പ്രചരിച്ചിരിക്കുന്നത് പാകിസ്ഥാനില്‍ നിന്നാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ മിക്കതും കരുതിക്കൂട്ടിയുള്ള ആക്രമണമാണ്. നേരത്തെ സംശയാസ്പദമായി കണ്ടെത്തിയ ട്വിറ്റര്‍ അക്കൗണ്ടുകള്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ തുടര്‍ച്ചയായി മോദിക്കെതിരെ ഹാഷ് ടാഗുകള്‍ പ്രയോഗിക്കുകയായിരുന്നുവെന്നാണ് റിപ്പോര‍്ട്ട്.

നേരത്തെ മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ മോദിക്കെതിരെ വ്യാപക ക്യാമ്പയിന്‍ നടന്നിരുന്നു.  അന്ന് ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പയിന്‍ നടന്നത്.