ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പാക് വ്യോമപാത ഉപയോഗിക്കുന്നതിനുള്ള അനുമതി പാകിസ്ഥാന്‍ നിഷേധിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച്ചയാണ് ഒന്‍പത് ദിവസത്തെ വിദേശ സന്ദർശത്തിന് രാഷ്ട്രപതി യാത്രതിരിക്കുന്നത്. ഐസ്‍ലാൻറ്റിന് പുറമെ സ്വിറ്റ്സർലാൻഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിക്കുന്നത്. 

ബാലക്കോട്ട് മിന്നലാക്രമണത്തിന് ശേഷം അടച്ച വ്യോമപാത ജൂലൈ പകുതിയോടെയാണ്  പാകിസ്ഥാന്‍ തുറന്നത്. കശ്മീര്‍ പുനസംഘടനയ്ക്ക് ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ യാത്രയ്ക്ക് വ്യോമപാത നിഷേധിച്ചതെന്നും പാക് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. എന്നാല്‍ ഈ വാര്‍ത്തകളോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.