Asianet News MalayalamAsianet News Malayalam

Pandora Papers|പാൻഡോര പേപ്പർ വെളിപ്പെടുത്തൽ;നടപടി തുടങ്ങി,പേര് പുറത്ത് വന്നവർക്ക് ആദായ നികുതി വകുപ്പ് നോട്ടീസ്

വിദേശ നിക്ഷേപം നടത്തിയിട്ടുണ്ടാ,  നിക്ഷേപം ഉണ്ടെങ്കിൽ നിയമാനുസൃതം വെളിപ്പെടുത്തിയിരുന്നോ എന്നതടക്കമുള്ള  കാര്യങ്ങളിൽ വ്യക്തത തേടിയാണ് നോട്ടീസ്.

Pandora Paper Disclosure investigation team began action
Author
Delhi, First Published Nov 16, 2021, 8:58 AM IST

ദില്ലി: കള്ളപ്പണം സംബന്ധിച്ച പാൻഡോര പേപ്പർ (Pandora Papers) വെളിപ്പെടുത്തലുകളിൽ അന്വേഷണ സംഘം നടപടി തുടങ്ങി. അനധികൃത നിക്ഷേപം നടത്തിയെന്ന റിപ്പോർട്ട് പുറത്ത് വന്ന പലർക്കും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുന്നത്.

പാൻഡോര പേപ്പറിലൂടെ പേര് പുറത്ത് വന്ന  ഇൻഡ്യക്കാർക്കും വിദേശ ഇൻഡ്യക്കാർക്കുമാണ് അന്വേഷണ സംഘം നോട്ടീസ് അയച്ചത്. വിദേശ നിക്ഷേപം നടത്തിയിട്ടുണ്ടാ,  നിക്ഷേപം ഉണ്ടെങ്കിൽ നിയമാനുസൃതം വെളിപ്പെടുത്തിയിരുന്നോ എന്നതടക്കമുള്ള  കാര്യങ്ങളിൽ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിദേശ ഇന്ത്യക്കാരോട് താമസ സ്ഥലം എവിടെയെന്ന് വ്യക്തമാക്കാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യക്കാരായ മുന്നൂറിലധികം പേരുടെ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പാൻഡോര പേപ്പറിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാധ്യമപ്രവർത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മ നടത്തിയ അന്വേഷണത്തിലാണ് ലോക നേതാക്കള്‍ ഉള്‍പ്പെട്ട കള്ളപ്പണ നിക്ഷേപത്തിന്‍റെ വിവരങ്ങള്‍ പുറത്ത് വന്നത്. ഇന്ത്യയിൽ നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ അംബാനി, വിനോദ് അദാനി ഉള്‍പ്പടെയുള്ളവരുടെ നിക്ഷേപങ്ങളെ കുറിച്ചും പാൻ‍‍‍ഡോര പേപ്പറിലുണ്ട്.

ഇന്ത്യയുള്‍പ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് പുറത്തുന്നുവന്നത്. ഇന്ത്യയിലെ വ്യവസായികള്‍, രാഷ്ട്രീയക്കാർ,  അന്വേഷണം നേരിടുന്നവര്‍ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട് . ക്രിക്കറ്റ് താരവും മുൻ  രാജ്യസഭ എംപിയുമായ സച്ചിന്‍ തെണ്ടുല്‍ക്കർ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവര്‍  ബ്രിട്ടീഷ് വിര്‍ജിൻ ഐലന്‍റില്‍  നിക്ഷേപം നടത്തിയെന്നും പാൻഡോര പേപ്പർ വെളിപ്പെടുത്തുന്നു. ദ്വീപിലെ സാസ് ഇന്‍റർനാഷണല്‍ ലിമിറ്റഡ് എന്ന കന്പനയിലെ ഡയറക്ടര്‍മാരാണ് മൂവരുമെന്നാണ് റിപ്പോര്‍ട്ട്. കള്ളപ്പണ നിക്ഷേപങ്ങളെ കുറിച്ച് മുൻപ് പനാമ പേപ്പർ വെളിപ്പെടുത്തലുണ്ടായപ്പോള്‍  സാസ് ഇന്‍റർനാഷണല്‍ ലിമിറ്റഡില്‍ നിന്ന് സച്ചിൻ അടക്കമുള്ളവർ നിക്ഷേപം പിന്‍വലിച്ചതായും റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ സച്ചിന്‍റെ നിക്ഷേപമെല്ലാം നിയമപരമാണെന്നും സച്ചിന്‍റെ അഭിഭാഷകന്‍റെ പ്രതികരണം. 

യുകെ കോടതിയില്‍ പാപ്പരാണെന്ന് അപേക്ഷ നല്‍കിയ അനില്‍ അംബാനിക്ക് കള്ളപ്പണം വെളുപ്പിക്കാനായി ഉണ്ടായിരുന്നത് 18 കമ്പനികളെന്നാണ് പാൻഡോര പേപ്പറിലുള്ളത്. നീരവ് മോദി ഇന്ത്യ വിടുന്നതിന് മുന്‍പ് ഒരു മാസം മുൻപ്  സഹോദരി പൂർവി മോദി ഒരു ട്രസ്റ്റ് രൂപികരിച്ച് കള്ളപ്പണം നിക്ഷേപിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി 2018 ല്‍ ബ്രിട്ടീഷ് വിര്‍ജിൻ ഐലന്‍റിലെ കമ്പനിയുടെ ഡയറക്ടറും അൻപതിനായിരം ഓഹരികളുടെ ഉടമയുമാണെന്നും പാൻ‍ഡോര പേപ്പർ പറയുന്നു. സിനിമ താരം ജാക്കി ഷ്റോഫ്, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി അടുപ്പമുള്ളവർ, റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമർ പുടിൻ, ജോർദാൻ രാജാവ്, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ തുടങ്ങിയവരുടെ നിക്ഷേപങ്ങളെ കുറിച്ചും പാൻഡോര പേപ്പറില്‍ വെളിപ്പെടുത്തലുണ്ട്

Follow Us:
Download App:
  • android
  • ios