മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നല്‍കിയ കത്തിലാണ് ആഭ്യന്തരമന്ത്രിക്കെതിരെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അംബാനി കേസില്‍ പുറത്താക്കിയ സച്ചിന്‍ വാസെ എന്ന ഉദ്യോഗസ്ഥനെയടക്കം മന്ത്രി ഇടപെട്ടാണ് നിയമിച്ചതെന്നും പരംബീര്‍ സിങ് ആരോപിച്ചു. 

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പുതിയ വിവാദം. അംബാനി കേസിനെ തുടര്‍ന്ന് പുറത്താക്കിയ മുംബൈ പൊലീസ് തലവന്‍ പരംബീര്‍ സിങ്ങാണ് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ വന്‍ അഴിമതിയാരോപണം ഉന്നയിച്ചത്. മന്ത്രി എല്ലാ മാസവും 100 കോടി രൂപ പിരിച്ചു നല്‍കാന്‍ പൊലീസിനോടാവശ്യപ്പെട്ടെന്ന് പരംബീര്‍ സിങ് ആരോപിച്ചു. പൊലീസ് നടപടികളില്‍ മന്ത്രി അന്യായമായി ഇടപെട്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആരോപണം നിഷേധിച്ച് മന്ത്രി രംഗത്തെത്തി. പരംബീര്‍ സിങ്ങിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നല്‍കിയ കത്തിലാണ് ആഭ്യന്തരമന്ത്രിക്കെതിരെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അംബാനി കേസില്‍ പുറത്താക്കിയ സച്ചിന്‍ വാസെ എന്ന ഉദ്യോഗസ്ഥനെയടക്കം മന്ത്രി ഇടപെട്ടാണ് നിയമിച്ചതെന്നും പരംബീര്‍ സിങ് ആരോപിച്ചു. റസ്റ്ററന്റുകള്‍, പബ്ബുകള്‍, ബാറുകള്‍, പാര്‍ലറുകള്‍ എന്നിവയില്‍ നിന്ന് പണം പിരിച്ച് എല്ലാ മാസവും 100 കോടി നല്‍കാന്‍ മന്ത്രി സച്ചിന്‍ വസെയോട് ഫെബ്രുവരിയില്‍ ആവശ്യപ്പെട്ടെന്നും നിരവധി സന്ദര്‍ഭങ്ങളില്‍ കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരെ മറികടന്ന് മന്ത്രി ഇടപെട്ടെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യങ്ങള്‍ എന്‍സിപി നേതാവ് ശരദ് പവാറിനെയും അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. 

മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ കേസില്‍ ഗുരുതരമായ വീഴ്ച വരുത്തിയതില്‍ നിന്ന് രക്ഷപ്പെടാനാണ് പരംബീര്‍ സിങ് തനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അനില്‍ ദേശ്മുഖ് വിശദീകരിച്ചു. അതേസമയം, ആഭ്യന്തര മന്ത്രിക്കെതിരെ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം രാജിവെച്ച് സ്വതന്ത്ര അന്വേഷണം നേരിടണമെന്നും പ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടു. അംബാനി കേസില്‍ സച്ചിന്‍ വസെയെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. കേസിന് പിന്നില്‍ മുംബൈ പൊലീസാണെന്ന് ആരോപണമുയര്‍ന്നതോടെയാണ് മുംബൈ പൊലീസ് മേധാവിയായിരുന്ന പരംബീര്‍ സിങ്ങിനെ ഒഴിവാക്കിയത്.