റാഞ്ചിയിലെ ആശുപത്രിയിൽ മരിച്ച കുഞ്ഞിനെ ദിവസങ്ങളോളം വെൻ്റിലേറ്ററിൽ കിടത്തിയെന്ന ആരോപണത്തിൽ പൊലീസ് കേസ്

റാഞ്ചി: മരിച്ച നവജാത ശിശുവിനെ ദിവസങ്ങളോളം വെൻ്റിലേറ്ററിൽ കിടത്തിയെന്ന് ആരോപിച്ച് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ. എന്നാൽ ആരോപണം റാഞ്ചിയിലെ ആശുപത്രി നിഷേധിച്ചു. സംഭവത്തിൽ റാഞ്ചി പൊലീസ് കേസെടുത്തു. മൂന്നംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു.

വെൻ്റിലേറ്ററിലായിരുന്ന കുഞ്ഞിൻ്റെ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നുവെന്നും രൂക്ഷമായ ഗന്ധം ഉയർന്നുവെന്നും റാഞ്ചി ഡിസിപി മഞ്ജുനാഥ ഭജന്ത്രിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ നാലിന് റാഞ്ചിയിലെ സദർ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ ജൂലൈ എട്ടിനാണ് ലിറ്റിൽ ഹാർട് എന്ന സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വച്ചാണ് കുഞ്ഞ് മരിച്ചത്.

എന്നാൽ ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ രംഗത്ത് വന്നു. ജൂലൈ 30 ന് കുഞ്ഞിൻ്റെ ബന്ധുക്കളുടെ നിർബന്ധപ്രകാരം ആശുപത്രിയിൽ നിന്ന് കുട്ടിയെ ഡിസ്‌ചാർജ് ചെയ്തപ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നു എന്നാണ് ഡോ.സത്യജീത് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

ഓട്ടോറിക്ഷാ ഡ്രൈവറായ മുകേഷ് സിങാണ് കുഞ്ഞിൻ്റെ അച്ഛൻ. മൂന്ന് ലക്ഷം രൂപ ചികിത്സയ്ക്കായി ചെലവായെന്നും വെൻ്റിലേറ്ററിലായിരുന്ന കുഞ്ഞിനെ കാണാൻ ബന്ധുക്കളെ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. കുട്ടിയെ കാണണമെന്ന് നിർബന്ധം പിടിച്ചപ്പോൾ കുട്ടിയുടെ വീഡിയോ ദൃശ്യമാണ് ആശുപത്രി അധികൃതർ നൽകിയതെന്നും ആരോപണമുണ്ട്. എന്നാൽ ഈ ആരോപണങ്ങളെല്ലാം ആശുപത്രി അധികൃതർ നിഷേധിച്ചു.

YouTube video player