പലപ്പോഴും ഭക്ഷണം നൽകിയില്ല. പാത്രമെടുത്ത് ഭിക്ഷ യാചിക്കാൻ ആവശ്യപ്പെട്ടു. പരാതിപ്പെട്ടാൽ ഉറക്കത്തിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ദമ്പതികൾ കുറിപ്പിൽ പറയുന്നു. 

ജയ്പൂർ: സ്വത്തിന്‍റെ പേരിലുള്ള മക്കളുടെ അതിക്രമത്തിന് പിന്നാലെ വൃദ്ധ ദമ്പതികൾ മരിച്ച നിലയിൽ. മക്കൾ തങ്ങളോട് ചെയ്ത ക്രൂരത മാതാപിതാക്കൾ അക്കമിട്ട് നിരത്തി വീടിന്‍റെ ചുവരിൽ ഒട്ടിച്ചിരുന്നു. വാട്ടർ ടാങ്കിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

രാജസ്ഥാനിലെ നഗൗറിൽ താമസിച്ചിരുന്ന 70 കാരനായ ഹസാരിറാം ബിഷ്‌ണോയിയുടെയും 68 കാരിയായ ഭാര്യ ചവാലി ദേവിയുടെയും മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ നിന്നാണ് കണ്ടെടുത്തത്. ദമ്പതികൾക്ക് നാല് മക്കളുണ്ട്- രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും. രണ്ട് പേജുള്ള കുറിപ്പിൽ മക്കളും മരുമക്കളും തങ്ങളെ മർദിച്ചിരുന്നുവെന്ന് മാതപിതാക്കൾ വെളിപ്പെടുത്തി. പലപ്പോഴും ഭക്ഷണം നൽകിയില്ല. പാത്രമെടുത്ത് ഭിക്ഷ യാചിക്കാൻ ആവശ്യപ്പെട്ടു. പരാതിപ്പെട്ടാൽ ഉറക്കത്തിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ദമ്പതികൾ കുറിപ്പിൽ പറയുന്നു. 

തങ്ങളുടെ പേരിലുള്ള എല്ലാ സ്വത്തും മക്കൾക്ക് എഴുതി നൽകണമെന്ന് പറഞ്ഞായിരുന്നു പീഡനമെന്ന് കുറിപ്പിലുണ്ട്. മകൻ രാജേന്ദ്ര, ഭാര്യ റോഷ്‌നി, മകൻ സുനിൽ, ഭാര്യ അനിത, പെൺമക്കളായ മഞ്ജു, സുനിത എന്നിവരുടെ പേരുകൾ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. തങ്ങളെ കബളിപ്പിച്ച് മൂന്ന് സ്ഥലങ്ങളുടെയും കാറിന്‍റെയും ഉടമസ്ഥാവകാശം മക്കൾ സ്വന്തമാക്കി. അതിനു ശേഷം ഭക്ഷണം പോലും നൽകിയില്ല. വ്യാഴാഴ്ചയാണ് ഇരുവരുടെയും മൃതദേഹം ടാങ്കിൽ കണ്ടത്. വീടിന്‍റെ താക്കോൽ ഹസാരിറാമിന്‍റെ പോക്കറ്റിൽ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് എസ് പി നാരായണ്‍ തോഗസ് പറഞ്ഞു. 

ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം എങ്കിലും എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

'മാന്യമായി വസ്ത്രം ധരിച്ചോ, അല്ലെങ്കിൽ...'; ഭീഷണിപ്പെടുത്തിയതേ ഓർമയുള്ളൂ, യുവാവിന്‍റെ പണി പോയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം