മോഷ്ടിക്കുന്ന വാഹനം കുറച്ച് ദൂരം തള്ളി കൊണ്ടുപോയ ശേഷം ഇഗ്നിഷൻ വയറുകൾ ബന്ധിപ്പിച്ച് സ്റ്റാർട്ടാക്കി ഓടിച്ചുപോവുകയായിരുന്നു ഇയാളുടെ രീതി.
ബെംഗളൂരു: ചന്ദനക്കടത്ത് നിർത്തി ഇരുചക്ര വാഹന മോഷണത്തിലേക്ക് തിരിഞ്ഞ യുവാവ് ബംഗളൂരുവിൽ പിടിയിൽ. ഇയാളിൽ നിന്ന് 30 ലക്ഷം രൂപ വിലമതിക്കുന്ന 40 ഇരുചക്ര വാഹനങ്ങൾ യെലഹങ്ക പൊലീസ് കണ്ടെടുത്തു. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ കദിരി സ്വദേശിയായ 45 വയസ്സുകാരൻ രവികുമാർ നായിക് ആണ് ബംഗളുരുവിൽ പിടിയിലായത്. യെലഹങ്കയിലെ ഒരു വീട്ടുമുറ്റത്ത് ഉടമ ബൈക്ക് പാർക്ക് ചെയ്തിട്ടുപോയി പത്ത് മിനിറ്റുകൾക്ക് ശേഷം മടങ്ങിയെത്തിയപ്പോൾ വാഹനം കാണാതാവുകയായിരുന്നു.
ഈ കേസിൽ മോഷ്ടാക്കളെ പിടികൂടാൻ പൊലീസ് ഒരു പ്രത്യേക സംഘം തന്നെ രൂപീകരിച്ചു. മാരുതി നഗറിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, മോഷ്ടാവ് വാഹനവുമായി രക്ഷപ്പെടുന്നത് കണ്ടെത്തി. കൂടുതൽ പരിശോധിച്ചപ്പോൾ മോഷ്ടാവിനെക്കുറിച്ചും രഹസ്യ വിവരം ലഭിച്ചു. ജൂൺ 24ന് ബാഗലൂർ ക്രോസിൽ വെച്ച് മോഷ്ടിച്ച ബൈക്കുമായി ഇയാൾ പിടിയിലാവുകയായിരുന്നു. അതേ ദിവസം തന്നെ ഇയാൾ മറ്റൊരു ബൈക്ക് മോഷ്ടിച്ച് യെലഹങ്ക റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്നു, ഇത് പിന്നീട് പോലീസ് പിടിച്ചെടുത്തു.
തുടർന്ന് ഇയാളെ 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മോഷ്ടിക്കുന്ന വാഹനം കുറച്ച് ദൂരം തള്ളി കൊണ്ടുപോയ ശേഷം ഇഗ്നിഷൻ വയറുകൾ ബന്ധിപ്പിച്ച് സ്റ്റാർട്ടാക്കി ഓടിച്ചുപോവുകയായിരുന്നു ഇയാളുടെ രീതി. ഹാൻഡിൽ ലോക്ക് തകർത്ത് വാഹനങ്ങൾ മോഷ്ടിക്കാറുമുണ്ടായിരുന്നു. പകൽ സമയങ്ങളിൽ മാത്രമാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. ബംഗളുരു നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ബൈക്കുകളും സ്കൂട്ടറുകളും മോഷ്ടിച്ചതായി ഇയാൾ സമ്മതിച്ചു.
രവിയുടെ ഭാര്യ കദിരിയിൽ ദന്തഡോക്ടറാണ്. നേരത്തെ ചന്ദന മോഷണത്തിലായിരുന്നു ശ്രദ്ധയെങ്കിലും പിന്നീട് ചന്ദനക്കടത്ത് വിരുദ്ധ സേനയുടെ നടപടികൾ കാരണം താൻ അത് പൂർണ്ണമായും നിർത്തിയെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ വാഹനമോഷണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മോഷ്ടിക്കുന്ന വാഹനങ്ങൾ ഗ്രാമപ്രദേശങ്ങളിൽ കൊണ്ടുപോയി 5,000 രൂപ മുതൽ 15,000 രൂപ വരെ വിലയ്ക്ക് വിൽക്കുകയായിരുന്നു.
