തൃണമൂൽ വിമതരെ സർവകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുകൂട്ടിയ സർവകക്ഷിയോഗത്തിൽനിന്നാണ് പ്രതിപക്ഷകക്ഷികൾ ഇറങ്ങിപ്പോയത്. പ്രതീകാത്മകമായ പ്രതിഷേധത്തിന് ശേഷം പ്രതിപക്ഷ അംഗങ്ങൾ പിന്നീട് തിരിച്ചെത്തി യോഗത്തിൽ പങ്കെടുത്തു.
ന്യൂഡൽഹി: തൃണമൂൽ വിമതരെ സർവകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുകൂട്ടിയ സർവകക്ഷിയോഗത്തിൽനിന്നാണ് പ്രതിപക്ഷകക്ഷികൾ ഇറങ്ങിപ്പോയത്. പ്രതീകാത്മകമായ പ്രതിഷേധത്തിന് ശേഷം പ്രതിപക്ഷ അംഗങ്ങൾ പിന്നീട് തിരിച്ചെത്തി യോഗത്തിൽ പങ്കെടുത്തു.
തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് സർവകക്ഷി യോഗം വിളിച്ചത്. തൃണമൂൽ വിട്ടുപോയ വിമതരെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. തൃണമൂൽ വിട്ട വിമതർ നാഷണിലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ(എൻസിപിഐ) എന്ന പാർട്ടിയിലാണ് അടുത്തിടെ ലയിച്ചത്. ഈ പാർട്ടിയുടെ പ്രതിനിധികളായാണ് വിമതരെയും യോഗത്തിലേക്ക് ക്ഷണിച്ചത്. എന്നാൽ, തൃണമൂൽ എംപിമാരായ മഹുവ മൊയ്ത്ര, സൗഗത റോയ് ഉൾപ്പെടെയുള്ളവർ ഇത് ചോദ്യംചെയ്തു.
തൃണമൂൽ വിട്ടവർ പുതിയ പാർട്ടിയിൽ ലയിച്ചതിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും എൻസിപിഐ അംഗീകാരമില്ലാത്ത പാർട്ടിയാണെന്നുമാണ് സൗഗത റോയ് ഉൾപ്പെടെയുള്ളവർ വാദിച്ചത്. എൻസിപിഐയിൽ ലയിച്ച 20 എംപിമാർ ഇപ്പോഴും തൃണമൂൽ അംഗങ്ങളാണെന്നാണ് പാർലമെന്റ് വെബ്സൈറ്റിലുള്ളതെന്നും സൗഗത റോയ് പറഞ്ഞു. തുടർന്നാണ് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം യോഗത്തിൽനിന്നും ഇറങ്ങിപ്പോയത്.
20 തൃണമൂൽ വിമതരുടെ പാർട്ടിമാറ്റം സ്പീക്കറുടെ പരിഗണനയിലിരിക്കെ ഇവരെ സർവകക്ഷി യോഗത്തിലേക്ക് വിളിച്ചത് പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് പറഞ്ഞു. അതേസമയം, പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചതിൽ നന്ദിയുണ്ടെന്നായിരുന്നു എൻസിപിഐ നേതാവും എംപിയുമായ കാഘോലി ഘോഷ് ദസ്തിദാറിന്റെ പ്രതികരണം. തൃണമൂൽ വിട്ടവരുടെ ലയനനടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സ്പീക്കർക്ക് സമർപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.


