ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പിലെ വിവാദമുഖമായിരുന്നു ബിജെപി എംപി പര്‍വേശ് വെര്‍മ്മ. തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ പര്‍വേശ് വെര്‍മ്മയെ ഒടുവില്‍ പ്രചാരണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ഷഹീന്‍ബാഗിലെ സമരക്കാര്‍ നിങ്ങളുടെ വീടുകളില്‍ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും അരവിന്ദ് കെജ്‍രിവാള്‍ തീവ്രവാദിയാണെന്നുമായിരുന്നു പര്‍വേശിന്‍റെ വിവാദ പ്രസ്താവനകള്‍. വെസ്റ്റ് ദില്ലി എംപിയായതിനാല്‍ അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. 

എന്നാല്‍, പര്‍വേശ് വെര്‍മ്മയുടെ പ്രസംഗങ്ങളും വര്‍ഗീയ പരാമര്‍ശങ്ങളും ബിജെപിയെ ഒരു തരിമ്പും തുണച്ചില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്‍റെ ലോക്സഭ മണ്ഡലത്തിലെ 10 സീറ്റിലും ബിജെപി നിലം തൊട്ടില്ല. മദിപുര്‍, രജൗരി ഗാര്‍ഡന്‍, ഹരിനഗര്‍, തിലത് നഗര്‍, ജനക്പുരി, വികാസ്പുരി, ഉത്തംനഗര്‍, ദ്വാരക, മത്യാല, നജഫ്ഗഢ് എന്നിവിടങ്ങളിലെല്ലാം ബിജെപി തോറ്റു. ഹരിനഗറില്‍  തജീന്ദര്‍ ബഗ്ഗ, തിലക് നഗറില്‍ രാജീവ് ബബ്ബര്‍, ജനക്പുരില്‍ ആശിഷ് സൂദ് എന്നീ കരുത്തരെ കളത്തിലിറക്കിയിട്ടും എഎപിയുടെ തേരോട്ടത്തിന് മുന്നില്‍ രക്ഷപ്പെട്ടില്ല. പലരും കൂറ്റന്‍ മാര്‍ജിനിലാണ് തോല്‍വി ഏറ്റുവാങ്ങിയത്. 

തുടരെ തുടരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും പര്‍വേശ് വെര്‍മ്മയെ സംഘടനാപരമായി വിലക്കാനോ നടപടിയെടുക്കാനോ ബിജെപി തയ്യാറായിരുന്നില്ല. ഷഹീന്‍ബാഗ് സമരക്കാര്‍ക്ക് നേരെ നടത്തിയ പരാമര്‍ശം രാജ്യവ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.