ദില്ലി։ കൊവിഡ് 19 ബാധ വ്യാപകമാകുന്നതിന്‍റെ പശ്ചാത്തലത്തില്‍ വ്യോമയാത്രകള്‍ക്ക് പുതിയ മാനദണ്ഡങ്ങളുമായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍. വിമാനയാത്രയില്‍ രണ്ട് യാത്രികര്‍ക്ക് ഇടയില്‍ ഒരു സീറ്റ് ഒഴിഞ്ഞ് കിടക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. ഇതിന് പുറമെ ചെക്ക് ഇന്‍ കൗണ്ടറുകളിലും വെയ്റ്റിങ് ഏരിയയിലും ഇത്തരത്തില്‍ അകലം പാലിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോകം മുഴുവന്‍ സാമൂഹിക അകലം പാലിച്ച് വരികയാണ്. ഇതിന്റെ ഭാഗമായാണ് പുതിയ നടപടിയും ഉണ്ടായിരിക്കുന്നത്. 

രാജ്യത്തും പുറത്തും ഹോം ക്വാറന്റൈനില്‍ കഴിയുന്ന ആളുകള്‍ക്ക് എയര്‍ലൈന്‍ കമ്പനികൾ യാത്ര നിരോധനം ഏര്‍പ്പെടുത്തി. യാത്രക്കാരുടെ തിരക്ക് ഒഴിവാക്കുന്നതിന് ആവശ്യത്തിന് സുരക്ഷാ ചെക്ക് ഇന്‍ കൗണ്ടറുകള്‍ ഒരുക്കണമെന്ന് വിമാനത്താവളങ്ങള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. എല്ലാ പ്രധാന സ്ഥലങ്ങളിലും സാനിറ്റൈസറുകള്‍ നല്‍കണമെന്നും ഇത്തരത്തില്‍ എല്ലാവരും ഉപയോഗിക്കുന്നതിന് അറിയിപ്പുകള്‍ നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നു.

ബോര്‍ഡിങ് സമയത്ത് യാത്രക്കാര്‍ ഒന്നിച്ച് കൂടുന്നത് ഒഴിവാക്കണമെന്ന് വ്യോമയാന മന്ത്രാലയം വിമാനകമ്പനികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ ബോര്‍ഡിങ്ങ് സമയത്ത് യാത്രക്കാര്‍ വരി നില്‍ക്കുമ്പോള്‍ കൃത്യമായ അകലം പാലിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വിമാനത്തില്‍ കയറുന്നതിന് മുന്‍പ് സാനിറ്റൈസര്‍ നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നു.