പൂനെ: രാജ്യം മുഴുവന്‍ കൊറോണയ്ക്കെതിരെ പോരാടുമ്പോള്‍ കൊറോണ വൈറസിനെതിരെ തൈല പ്രയോഗവുമായി പാസ്റ്റര്‍. ക്രിസ്തുവിന്‍റെ രക്തം എന്ന് നൂറ് തവണ ചൊല്ലിയ ശേഷം തൈലം ഉപയോഗിക്കാനാണ് പൂനെ സ്വദേശിയായ പാസ്റ്റര്‍ നിര്‍ദേശിക്കുന്നത്. പൂനെയിലെ സില്‍വേ ഓഫ് വൈന്‍യാര്‍ഡ് വര്‍ക്കേര്‍സ് ചര്‍ച്ചിലെ പാസ്റ്ററായ പീറ്ററിന്‍റെയാണ് അവകാശവാദം. 

ഇദ്ദേഹം വിശ്വാസികളോട് ഇപ്രകാരം ചെയ്യാന്‍ ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇരുപത്തിയഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഈ തൈലം പകര്‍ച്ച വ്യാധികളില്‍ നിന്ന് മുക്തി നല്‍കുമെന്നാണ് പാസ്റ്റര്‍ പീറ്റര്‍ അവകാശപ്പെടുന്നത്. 

മഹാരാഷ്ട്രയിൽ ആകെ 40 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ കൈകളിൽ സീൽ അടിക്കുന്ന രീതി ആരംഭിച്ചിട്ടുണ്ട്. രോഗികൾ പുറത്തിറങ്ങുന്നത് തടയാനാണ് നടപടിയെന്ന് മഹാരാഷ്ട്ര സർക്കാർ വിശദീകരിക്കുന്നതിനിയിലാണ് പാസ്റ്റര്‍ പീറ്ററിന്‍റെ ഈ അവകാശവാദം. 

സംസ്ഥാനത്ത് ഇന്നലെ അഞ്ച് പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് എറ്റവും കൂടുതൽ രോഗികൾ നിലവിൽ മഹാരാഷ്ട്രയിലാണ്. രോഗബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രസിദ്ധമായ സിദ്ധിവിനായക് ക്ഷേത്രത്തിൽ ദർശനം നിർത്തി. മുംബൈയിലെ ബിസിസിഐ ആസ്ഥാനം അടച്ചിരിക്കുകയാണ്. കൊവിഡ് ബാധിത ജില്ലകൾക്കായി 45 കോടി രൂപ അടിയന്തര സഹായമായി അനുവദിച്ചിട്ടുണ്ട്.