ദില്ലി: മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ലോക്ക് ഡൗൺ കണക്കിലെടുത്ത് മരുന്നുകൾ ഒരുമിച്ച് വാങ്ങാനുള്ള വ്യവസ്ഥകളിൽ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ഇളവ് അനുവദിച്ചു. പ്രായമായവ‍‍ർ, മാറാരോ​ഗികൾ എന്നിവ‍ർക്കുള്ള മരുന്ന് വാങ്ങുന്നതിനാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ഇളവ് നൽകിയിരിക്കുന്നത്. 

ഇവ‍ർക്ക് ഇനി മുതൽ മൂന്ന് മാസം വരെയുള്ള മരുന്നുകൾ ഒറ്റതവണയായി വാങ്ങാം. മരുന്ന് വാങ്ങാൻ രോ​ഗി നേരിട്ടെത്തണമെന്നും നി‍ർബന്ധമില്ല. രോ​ഗി ചുമതലപ്പെടുത്തുന്നയാളോ ആശ്രിതനോ മരുന്ന് കുറിപ്പുമായി വന്നാലും മരുന്ന് നൽകണമെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ഉത്തരവിലൂടെ വ്യക്തമാക്കി. 

മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ദേശീയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ രോ​ഗികൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കാനും ആളുകൾ മരുന്നുകൾ വാങ്ങുന്നതിനായി തുടർച്ചയായി പുറത്തിറങ്ങാതെയിരിക്കാനുമാണ് സർക്കാർ ഈ പരിഷ്കാരം കൊണ്ടു വന്നിരിക്കുന്നത്.