ലക്നൗവിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ യുപിയിലെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടി പാറ്റ്ന പോലീസിന് കൈമാറിയത്
പാറ്റ്ന പോപ്പുലർ ഫ്രണ്ട് കേസിൽ ഒരാള് കൂടി അറസ്റ്റിൽ. ധരബംഗ സ്വദേശിയും അഭിഭാഷകനുമായ നൂറുദ്ദീൻ ആണ് അറസ്റ്റിലായത്. ലക്നൗവിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ യുപിയിലെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടി പാറ്റ്ന പോലീസിന് കൈമാറിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് വേണ്ടി കോടതിയിൽ ഹാജരായിരുന്നത് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസിൽ ആകെ പിടിയിൽ ആയവരുടെ എണ്ണം നാലായി.
അതേസമയം പാറ്റ്നയില്‍ രാജ്യവിരുദ്ധ പ്രവർത്തനത്തിന് അറസ്റ്റിലായവരുടെ കേരള ബന്ധം ബിഹാർ പൊലീസ് അന്വേഷിക്കും. പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി ബന്ധപ്പെട്ട മലയാളികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. കേരളം, തമിഴ്നാട് സ്വദേശികളുടെ പേരുവിവരങ്ങളുള്ള രജിസ്റ്റർ പ്രതികളില്‍നിന്ന് പൊലീസ് പിടികൂടിയിരുന്നു.
ജാർഖണ്ഡ് പൊലീസിലെ എസ്ഐയായിരുന്ന മുഹമ്മദ് ജലാലുദ്ദീന്‍, നിരോധിച്ച തീവ്രവാദ സംഘടനയായ സിമിയില്‍ അംഗമായിരുന്ന അതാർ പർവേശ്, പാറ്റ്ന സ്വദേശി അർമാന്‍ മാലിക് എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മിഷന്‍ 2047 അടക്കമുള്ള പദ്ധതികളെ കുറിച്ച് വിശദീകരിക്കുന്ന രേഖകകളടക്കം ഇവരില്‍നിന്നും പിടിച്ചെടുത്തെന്ന് ബിഹാർ പൊലീസ് പറയുന്നു.
മൂവരുമടങ്ങുന്ന സംഘം പ്രദേശത്തെ യുവാക്കൾക്ക് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താന്‍ പരിശീലനം നല്‍കി. ഇവരുടെ വീട്ടിലടക്കം നടത്തിയ പരിശധനയില്‍ കണ്ടെടുത്ത രജിസ്റ്ററിലാണ് കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമുള്ള 12 പേരുടെ പേരുവിവരങ്ങളുള്ളത്. ഇവരെ ഉടന്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. അറസ്റ്റിലായവർ നല്‍കിയ മൊഴിയനുസരിച്ച് 26 പേരെ പ്രതിയാക്കി തീവ്രവാദ കുറ്റമടക്കം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
ബിഹാര്‍ കൂടാതെ ജാർഖണ്ഡ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരും പ്രതിപട്ടികയിലുണ്ട്. 10 ശതമാനം മുസ്ലീങ്ങളെയെങ്കിലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയോടൊപ്പം ചേർക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രാജ്യത്ത് 2047 ഓടെ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്നുമാണ് പ്രതികളില്‍നിന്നും കണ്ടെടുത്ത രേഖകളില്‍ പറയുന്നത്.
