തേജസ്വിയുടെയും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെയും പിന്തുണ പ്രിയങ്ക അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊളിച്ചു നീക്കിയ "ഗ്രാജ്വേറ്റ് ചായ‍്‍വാലി" അധികൃതർ പുനഃസ്ഥാപിച്ചത്. ചായക്കടയ്ക്ക് ആവശ്യമായ ലൈസൻസ് പണം അടച്ച് പ്രിയങ്ക നേടി. ഇരുവരോടും പ്രിയങ്ക ഗുപ്ത നന്ദി അറിയിച്ചു
പാറ്റ്ന: ബിഹാറിൽ "ഗ്രാജ്വേറ്റ് ചായ‍്‍വാലി" എന്ന പേരിൽ ചായക്കട നടത്തി ശ്രദ്ധേയയായ പ്രിയങ്ക ഗുപ്തയുടെ ചായക്കട പൊളിച്ചുനീക്കിയ വിഷയത്തിൽ ഇടപെട്ട് ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. തേജസ്വിയുടെയും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെയും പിന്തുണ പ്രിയങ്ക അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊളിച്ചു നീക്കിയ "ഗ്രാജ്വേറ്റ് ചായ‍്‍വാലി" അധികൃതർ പുനഃസ്ഥാപിച്ചത്. ചായക്കടയ്ക്ക് ആവശ്യമായ ലൈസൻസ് പണം അടച്ച് പ്രിയങ്ക നേടി. ഇരുവരോടും പ്രിയങ്ക ഗുപ്ത നന്ദി അറിയിച്ചു.
ബിഹാർ മുനിസിപ്പൽ കോർപ്പറേഷനാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ "ഗ്രാജ്വേറ്റ് ചായ‍്‍വാലി" ബുൾഡോസർ ഉപയോഗിച്ച് കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയത്. റോഡ് സൈഡിൽ അനധികൃതമായി സ്ഥാപിച്ചു എന്ന് കാണിച്ചായിരുന്നു മുനിസിപ്പൽ കോർപ്പറേഷന്റെ നടപടി. ഉപജീവന മാർഗമായ ചായക്കട പൊളിച്ചു നീക്കിയതിനെതിരെ പൊട്ടിക്കരഞ്ഞു കൊണ്ടാണ് പ്രിയങ്ക പ്രതികരിച്ചത്. ലൈസൻസ് എടുക്കാനും ഡെപ്പോസിറ്റ് തുക കെട്ടിവയ്ക്കാനും സമയം തേടിയെങ്കിലും അധികൃതർ അനുകൂലമായല്ല പ്രതികരിച്ചതെന്ന് പ്രിയങ്ക പറഞ്ഞു.
ബിരുദം നേടി രണ്ട് വർഷം കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നതോടെയാണ് ബിഹാറിലെ പൂർണിയ സ്വദേശിനി പ്രിയങ്ക ഗുപ്ത 2022 ഏപ്രിലിൽ പാറ്റ്ന വനിത കോളേജിന് മുന്നിൽ ചായക്കട തുടങ്ങിയത്. സഹൃത്തുക്കളിൽ നിന്ന് വാ വായ്പയായി വാങ്ങിയ മുപ്പതിനായിരം രൂപ കൊണ്ടായിരുന്നു "ഗ്രാജ്വേറ്റ് ചായ‍്‍വാലി" സ്ഥാപിച്ചത്. പേരിലെ പുതുമ പ്രിയങ്കയെയും "ഗ്രാജ്വേറ്റ് ചായ‍്‍വാലി"യെയും വൈറലാക്കി. സാമൂഹിക മാധ്യമങ്ങളും ദൃശ്യ-പത്ര മാധ്യമങ്ങളും ഏറ്റെടുത്തു. പാൻ ചായയും ചോക്കലേറ്റ് ചായയും ഉൾപ്പെടെ 4 വ്യത്യസ്ത രുചികളുള്ള ചായകൾ വിറ്റ പ്രിയങ്ക മികച്ച സംരംഭക എന്ന നിലയിൽ പേരെടുത്തു. ദിവസം 400 ചായ വരെ വിറ്റതിലൂടെ കിട്ടിയ ലാർഭം കൊണ്ട് രണ്ടാമതൊരു കട കൂടി തുടങ്ങി പ്രിയങ്ക. എന്നാൽ ആ കടയാണ് ഇപ്പോൾ അനധികൃതമെന്ന് കാട്ടി ബിഹാർ മുനിസിപ്പൽ കോർപ്പറേഷൻ പൊളിച്ചു കളഞ്ഞത്.
'ഗ്രാജ്വേറ്റ് ചായ‍്‍വാലി' പൊളിച്ചുനീക്കി; പൊട്ടിക്കരഞ്ഞ് പ്രിയങ്ക ഗുപ്ത
ഇക്കണോമിക്‌സ് ബിരുദധാരിയാണ് 24 കാരിയായ പ്രിയങ്ക ഗുപ്ത, വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിൽ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്. ജോലി കിട്ടാതെ വന്നതോടെ വിവാഹിതയാകാൻ നിർബന്ധിച്ചവർക്ക് മുന്നിൽ ഒരു നിബന്ധനയാണ് അവൾ വച്ചത്. സ്വന്തം കാലിൽ നിൽക്കണം. അതിനായി വീട്ടുകാരുടെ നിർദേശം കൂടി മാനിച്ചാണ് ബാങ്ക് പരീക്ഷകൾ എഴുതി തുടങ്ങിയത്. ലക്ഷ്യം അകന്നോതോടെയാണ് ചായക്കട എന്ന ആശയത്തിലേക്ക് പ്രിയങ്ക എത്തിയത്. “ആത്മനിർബാർ ഭാരതത്തിലേക്കുള്ള മുന്നേറ്റം. ഒന്നിനെക്കുറിച്ചും ചിന്തിക്കണ്ട, ആരംഭിക്കൂ”, കടയ്ക്ക് പുറത്തുള്ള ബോർഡിൽ ഇങ്ങനെ ഒരു കുറിപ്പുമായിട്ടായിരുന്നു പ്രിയങ്കയുടെ തുടക്കം.
