. ഭരണ കക്ഷിയുടെ രാഷ്ട്രീയ ഏജന്‍റായി മാറി, നടു വളഞ്ഞ പൊലീസിന്‍റെ നട്ടല്ല് ബിജെപി നേരെയാക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ പരിഹാസവുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് വെള്ളസാരിയും ഹവായി ചെരിപ്പുമല്ല, വെള്ളത്താടിയെയാണ് വേണ്ടതെന്നായിരുന്നു ദിലീപിന്‍‌റെ പരാമര്‍ശം. മമതാ ബാനര്‍ജിയടെ ട്രേഡ്മാര്‍ക്കായ വെള്ള സാരിയെയും ഹവായി ചെരുപ്പിനെയും നരേന്ദ്രമോദിയുടെ വെള്ളത്താടിയെയും ഉപമിച്ചായിരുന്നു ബിജെപി നേതാവിന്‍റെ പരാമര്‍ശം.

വെള്ള സാരിയും ഹവായി സ്ലിപ്പറും ബംഗാളിലെ ജനതയെ ഏറെകാലമായി വഞ്ചിക്കുകയാണ്. ഇനി വെള്ള സാരി വേണ്ട, വേണ്ടത് വെളുത്ത താടിയെയാണ്- ഘോഷ് പറഞ്ഞു. പൂർബ ബാർധമാൻ ജില്ലയിലെ ഭട്ടാർ നിയോജകമണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ദിലീപ് ഘോഷ് മമതയ്ക്കെതിരെ രംഗത്തെത്തിയത്.

ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ കേന്ദ്ര സേനയുടെ സുരക്ഷയുണ്ടാകും. ഭരണകക്ഷിയുടെ രാഷ്ട്രീയ ഏജന്‍റായി മാറി, നടു വളഞ്ഞ പൊലീസിന്‍റെ നട്ടല്ല് ബിജെപി നേരെയാക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. പൂർബ ബാർധമാൻ ജില്ലയിലെ ഓസ്ഗ്രാം, പുർബസ്താലി, മംഗൽകോട്ട് എന്നീ നിയോജക മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തവെയാണ് ബിജെപി മമ്ത ബാനര്‍ജിയെ കടന്നാക്രമിച്ചത്. ഏപ്രിൽ 22 ന് ആറാം ഘട്ട വോട്ടെടുപ്പ് നടക്കും.