കഞ്ചാവ് എലി തിന്ന കാരണത്താൽ രണ്ട് പേ‍ര്‍ക്ക് ജയിൽമോചനം ! 30 മാസം ചെന്നൈ ജയിലില്‍ കിടന്ന ആന്ധ്രാ സ്വദേശികൾക്കാണ് വിചിത്ര കാരണത്താൽ മോചനം ലഭിച്ചത്.

ചെന്നൈ: കഞ്ചാവ് എലി തിന്ന കാരണത്താൽ രണ്ട് പേ‍ര്‍ക്ക് ജയിൽമോചനം ! 30 മാസം ചെന്നൈ ജയിലില്‍ കിടന്ന ആന്ധ്രാ സ്വദേശികൾക്കാണ് വിചിത്ര കാരണത്താൽ മോചനം ലഭിച്ചത്. ആന്ധ്രാ സ്വദേശികളായ രാജഗോപാലിനെയും നാഗേശ്വരറാവുവിനെയും ചെന്നൈ മറീന പൊലീസ് 22 കിലോഗ്രാം കഞ്ചാവുമായി പിടിച്ചത് 2020 നവംബര്‍ 27-നാണ്. 45 ദിവസത്തിന് ശേഷം 100 ഗ്രാം സാംപിൾ കോടതിയിൽ ഹാജരാക്കി. അതിൽ 50 ഗ്രാം കോടതി രാസപരിശോധനയ്ക്കയച്ചു.

50 ഗ്രാം കോടതിയുടെ സ്റ്റോര്‍ റൂമിലായി. ബാക്കി 21 കിലോ 900 ഗ്രാം പൊലീസ് കസ്റ്റഡിയിലും സൂക്ഷിച്ചു. എൻഡിപിഎസ് ആക്ട് പ്രകാരം പിടികൂടിയ നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടപ്പോഴാണ് തൊണ്ടിമുതലുമായി അന്വേഷണ ഉദ്യോഗസ്ഥൻ എത്തിയത്. പരിശോധിച്ചപ്പോൾ കുറ്റപത്രത്തിൽ പറഞ്ഞതിന്‍റെ പകുതി കഞ്ചാവ് മാത്രം. ബാക്കി എവിടെയെന്ന് കോടതി ചോദിച്ചപ്പോൾ എലി തിന്നുവെന്ന് വിചിത്ര മറുപടി.

പൊലീസ് സ്റ്റേഷൻ ഇടിഞ്ഞുപൊളിഞ്ഞ നിലയിലായിരുന്നെന്നും എലികളെ തുരത്താൻ കഴിഞ്ഞില്ലെന്നും കൂടി ന്യായീകരണം. എന്തായാലും പ്രതികളുടെ കൈവശം 22 കിലോ കഞ്ചാവുണ്ടെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് പറഞ്ഞ കോടതി ഇരുവരെയും വെറുതെ വിട്ടു. കഞ്ചാവ് തിന്നുന്ന തുരപ്പൻമാര്‍ ഇനിയും സ്റ്റേഷനുകളിലുണ്ടോയെന്ന ചോദ്യം മാത്രം ബാക്കി.

Read more: കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന 11- കാരിക്ക് നേരെ ലൈംഗികാതിക്രമം: കടയുടമക്ക് കഠിന തടവും പിഴയും