സംഘർഷം വ്യാപിച്ചാൽ കരസേന മേധാവിക്ക് ഇക്കാര്യം തീരുമാനിക്കാമെന്ന് സർക്കാർ വ്യക്തമാക്കുന്നു. 

ദില്ലി: ടെറിറ്റോറിയൽ ആർമി അംഗങ്ങളുടെ സേവനം ഉപയോഗിക്കാൻ കരസേനയ്ക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. സംഘർഷം വ്യാപിച്ചാൽ കരസേന മേധാവിക്ക് ഇക്കാര്യം തീരുമാനിക്കാമെന്ന് സർക്കാർ വ്യക്തമാക്കുന്നു. പാകിസ്ഥാന്റെ ഭാ​ഗത്ത് നിന്നുള്ള നീക്കം എങ്ങനെയാണെന്ന് ഇന്ത്യ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പാകിസ്ഥാൻ നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യയും നിര്‍ത്താൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പല ലോകരാജ്യങ്ങളെയും നേതാക്കളെയും ഇന്ത്യ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. അതേ സമയം പാകിസ്ഥാന്റെ ഭാ​ഗത്ത് നിന്നും ഇപ്പോഴും ഇന്ത്യയെ ആക്രമിക്കും എന്നുള്ള ഭീഷണിയാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ തിരിച്ചടിക്കാൻ തന്നെയാണ് ഇന്ത്യ തയ്യാറാകുന്നത്. ഇന്ന് നടന്ന യോഗങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്. 

അവശ്യഘട്ടങ്ങളിൽ ടെറിറ്റോറിയൽ ആര്‍മിയുടെ സഹായം സേനയ്ക്ക് സ്വീകരിക്കാൻ സാധിക്കും. ഇപ്പോള്‍ ഈ സേനയിലെ എല്ലാ അംഗങ്ങളുടെയും സേവനം സേനയ്ക്ക് ഉപയോഗിക്കാനുള്ള അധികാരം കരസേന മേധാവിക്ക് നൽകി കൊണ്ടുള്ള ഒരു വിജ്ഞാപനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. സംഘര്‍ഷം നീണ്ടുനിന്നാല്‍ ഈ ആര്‍മിയെ ഉപയോഗിക്കാനുള്ള അധികാരമാണ് ഇപ്പോള്‍ സോനയ്ക്ക് ലഭിച്ചിരിക്കുന്നത്.

അതേ സമയം, കറാച്ചി തുറമുഖത്ത് ഇന്നലെ രാത്രി ഇന്ത്യൻ സേന മിസൈല്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത തള്ളി പാകിസ്ഥാന്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കറാച്ചിയെ ഇന്നലെ ആക്രമിച്ചെന്നോ ഇല്ലെന്നോ ഇന്ത്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പാക്കിസ്ഥാനിലെ തന്ത്ര പ്രധാന നഗരമായ കറാച്ചിയെ വീഴ്ത്തിയാണ് 1971ലെ യുദ്ധത്തില്‍ ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്. 

പാകിസ്ഥാന്‍റെ നട്ടെല്ലാണ് കറാച്ചി തുറമുഖവും കറാച്ചി നഗരവും. പാകിസ്ഥാന്‍റെ നികുതി വരുമാനത്തിന്‍റെ 35 ശതമാനവും നല്‍കുന്ന നഗരമാണ് കറാച്ചി. തുറമുഖമാണ് പ്രധാന വരുമാനം. പാകിസ്ഥാന്‍റെ വ്യാപാരത്തിന്‍റെ 60 ശതമാനത്തോളം ഈ തുറമുഖം വഴിയാണ് നടക്കുന്നത്. പാകിസ്ഥാനിലെ പ്രധാന റിഫൈനറിയും കറാച്ചിയിലാണ്. കറാച്ചി തുറമുഖം തകര്‍ന്നാല്‍ പാകിസ്ഥാന് വലിയ ആഘാതമാകുമെന്ന് സൈനിക കേന്ദ്രങ്ങള്‍ നേരത്തെ തന്നെ വിലയിരുത്തിയതാണ്.

1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ മുട്ടുകുത്തിച്ചത് കറാച്ചിയെ വീഴ്ത്തിക്കൊണ്ടാണ്. അന്ന് ഇന്ത്യൻ നാവിക സേന നടത്തിയ മിന്നല്‍ ആക്രമണത്തില്‍ കറാച്ചി തുറമുഖത്തിന് കാര്യമായ കേടുപറ്റി. തുറമുഖത്തുണ്ടായിരുന്ന നിരവധി കപ്പലുകള്‍ ഇന്ത്യൻ നാവിക സേന കടലില്‍ മുക്കിക്കളഞ്ഞു. അന്നത്തെ സോവിയറ്റ് യൂണിയനില്‍ നിന്നും നാവിക സേന വാങ്ങിയ മിസൈല്‍ ബോട്ടുകളാണ് ഇതിനായി ഉപയോഗിച്ചത്.

ടെറിറ്റോറിയൽ ആർമി അംഗങ്ങളുടെ സേവനം ഉപയോഗിക്കാൻ കരസേനയ്ക്ക് അനുമതി