കുട്ടിയ്ക്ക് സാധാരണ സംശയിക്കപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങളൊന്നും അല്ലെന്ന് മനസിലാക്കിയ ഡോക്ടർമാർ കോൺട്രാസ്റ്റ് സിടി സ്കാൻ നിർദേശിച്ചു.
ന്യൂഡൽഹി: വിട്ടുമാറാത്ത ഛർദിയും കടുത്ത വയറുവേദനയും കാരണമായാണ് ഒൻപത് വയസുകാരനെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. സാധാരണ സംശയിക്കപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങളൊന്നുമല്ല കുട്ടിയ്ക്ക് ഉള്ളതെന്ന് മനസിലാക്കിയ ഡോക്ടർമാർ സിടി സ്കാൻ പരിശോധന നിർദേശിച്ചു. സ്കാൻ ചെയ്ത് റിപ്പോർട്ട് ലഭിച്ചപ്പോഴാണ് ഒൻപത് വയസുകാരന്റെ കുടലിനുള്ളിൽ ബുള്ളറ്റ് ആകൃതിയിലുള്ള ആറ് കാന്തങ്ങൾ കണ്ടെത്തിയത്. ഇവ ഉള്ളിൽ ചെന്നിട്ട് ഏതാണ്ട് പത്ത് ദിവസമായിരുന്നു എന്ന് പിന്നീട് മനസിലാക്കി.
ഗ്രേറ്റർ നോയിഡ സ്വദേശിയായ ബാലനെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് എത്തിച്ചത്. വയറിനുള്ളിലുണ്ടായിരുന്ന ഓരോ കാന്തത്തിനും ഒന്നര ഇഞ്ച് വീതം വലിപ്പമുണ്ടായിരുന്നു. വയറിന്റെ കോൺട്രാസ്റ്റ് സി.ടി സ്കാനിലൂടെയാണ് ഇത് കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഇവ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. കാന്തങ്ങൾ പരസ്‍പരം ഒട്ടിച്ചേർന്ന നിലയിൽ ആയിരുന്നതിനാൽ കുടിലൂടെയുള്ള ദഹന നീക്കം പൂർണമായി തടസ്സപ്പെട്ടിരുന്നു. ഇതിന് പുറമെ കുടലിന് തകരാർ സംഭവിച്ചിട്ടുണ്ടാകാമെന്ന ഭയവുമുണ്ടായിരുന്നു.
പരസ്പരം ഒട്ടിച്ചേർന്നിരുന്ന കാന്തങ്ങൾ ലാപ്രോസ്കോപി സർജറിയിലൂടെ പുറത്തെടുത്ത് കുടലിലെ തടസം നീക്കി. ചെറുകുടലിലായിരുന്നു കാന്തങ്ങൾ ഉണ്ടായിരുന്നത്. ഒരു കാന്തം ആമാശയത്തിന്റെ താഴേ ഭാഗത്തുള്ള പൈലോറിക് ജംഗ്ഷൻ എന്ന ഭാഗത്തു നിന്ന് എൻഡോസ്‍കോപിക് പ്രൊസിജ്യറിലൂടെയും പുറത്തെടുത്തു. കാന്തങ്ങൾ കുട്ടിയുടെ വയറിലെത്തി ഏറെ ദിവസം കഴിഞ്ഞാണ് പുറത്തെടുത്തത് എന്നതിനാൽ കുടലിന് തകരാറുകൾ സംഭവിച്ചിരിക്കാൻ സാധ്യതയുണ്ടായിരുന്നെങ്കിലും ഭാഗ്യവശാൽ അത് ഉണ്ടായില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
വീട്ടിൽ ഉപയോഗിക്കുന്ന സാധനങ്ങൾ കുട്ടികൾക്ക് എടുക്കാൻ കഴിയുന്ന സ്ഥലത്ത് അലക്ഷ്യമായി വയ്ക്കുന്നതിലൂടെയാണ് ഇത്തരം വലിയ അപകടങ്ങളിലേക്ക് എത്തുന്നതെന്നും മാതാപിതാക്കളും വീട്ടിലെ മറ്റുള്ളവരും ഇത് ശ്രദ്ധിക്കണമെന്നും ഡോക്ടർമാർ പറഞ്ഞു. ചെറിയ കാന്തങ്ങൾ പോലുള്ളവ ആന്തരിക അവയവങ്ങളിൽ തടസങ്ങളുണ്ടാക്കുന്നതിന് പുറമെ കുടലിൽ സുഷിരങ്ങൾ ഉണ്ടാവാൻ ഉൾപ്പെടെ കാരണമാവും. ചെറിയ വസ്തുക്കൾ പലപ്പോഴും വിസർജ്യത്തിനൊപ്പം പുറത്തുവരുമെങ്കിലും കാന്തങ്ങൾ പരസ്പരം ആകർഷിച്ച് ഒട്ടിച്ചേർന്നിരിക്കുകയായിരുന്നു. കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണമെന്നും ഡോക്ടർമാർ ഓർമിപ്പിച്ചു.


