ദില്ലി നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. 

തിരുവനന്തപുരം: ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ദില്ലിയിലെത്തിയ മലയാളികൾക്ക് യാത്ര സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവേ. ഏഷ്യാനെറ്റ്‌ ന്യൂസ്‌ വാർത്തയെ തുടർന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇടപെട്ടാണ് പ്രത്യേക ട്രെയിൻ അനുവദിച്ചത്. ദില്ലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് യാത്ര സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 

ദില്ലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് വേണ്ടി നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചെന്ന് സുരേഷ് ഗോപി അറിയിച്ചു. നിസാമുദ്ദീനിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇന്ന് (11/05/2025) ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിനിലെ (ട്രെയിൻ നമ്പർ:04440) സ്ലീപ്പർ ക്ലാസിൽ ബെർത്തുകൾ ഒഴിവുണ്ട്. നാട്ടിലേക്ക് യാത്ര സൗകര്യം ലഭിക്കാത്ത മലയാളികൾക്ക് ഇത് ഉപയോഗപ്പെടുത്താം. 

സുരേഷ് ​ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജമ്മു, ശ്രീനഗർ, ബാരാമുള്ള, പഞ്ചാബ്, ജലന്ദർ, ചണ്ഡീഘട്ടിൽ നിന്നും മറ്റും ഡൽഹിയിൽ എത്തി കുടുങ്ങി കിടക്കുന്ന വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികൾ കേരളത്തിൽ എത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ എന്റെ ഓഫീസുമായി ബന്ധപ്പെടുകയും സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നാവശ്യപെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഞാന്‍ കത്ത് നൽകിയിരുന്നു. അതിനു പരിഹാരമായി ഡല്‍ഹിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ എത്താൻ വേണ്ടി Special Train അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കി റെയിൽവേ മന്ത്രാലയം.