പശ്ചിമേഷ്യൻ സംഘർഷം മൂലം ലോകമെമ്പാടും പെട്രോൾ, ഡീസൽ പ്രതിസന്ധി രൂക്ഷമാവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. 'മാൻ കി ബാത്തി'ലൂടെ, ഈ വെല്ലുവിളിയെ നേരിടാൻ എല്ലാ പൗരന്മാരും ഒരുമിച്ച് നിൽക്കണമെന്നും കിംവദന്തികളിൽ വീഴരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ദില്ലി: പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന തീവ്രമായ യുദ്ധം മൂലം ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ എല്ലാ പൗരന്മാരും ഒരുമിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും ജാഗ്രത പാലിക്കണമെന്നും കിംവദന്തികൾക്ക് ഇരയാകരുതെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും പെട്രോൾ, ഡീസൽ പ്രതിസന്ധി വര്‍ധിക്കുകയാണെന്നും പ്രധാന ഊർജ്ജ മേഖലകളെയാണ് സംഘർഷങ്ങൾ ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗോള ബന്ധങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഹായം, കഴിഞ്ഞ ദശകത്തിൽ രാജ്യം വികസിപ്പിച്ചെടുത്ത നൈപുണ്യം എന്നിവ കാരണം ഇന്ത്യ ഈ വെല്ലുവിളികളെ ദൃഢനിശ്ചയത്തോടെ നേരിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പ്രതിമാസ റേഡിയോ പ്രക്ഷേപണമായ 'മാൻ കി ബാത്തിൽ' ആണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഒരു കോടിയിലധികം ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകിയതിന് ഗൾഫ് രാജ്യങ്ങളോട് അഗാധമായ നന്ദിയുള്ളവനാണെന്നും മോദി പറഞ്ഞു.
ഒരു മാസത്തിലേറെയായി നമ്മുടെ അയൽപക്കത്ത് ഘോരമായ യുദ്ധം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് നിസ്സംശയമായും വെല്ലുവിളി നിറഞ്ഞ സമയമാണ്. 140 കോടി പൗരന്മാരോട് ഈ വെല്ലുവിളി മറികടക്കാൻ നമ്മൾ ഒന്നിച്ചു നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കിംവദന്തികളിൽ വീഴാതെ ജാഗ്രത പാലിക്കാൻ എന്റെ എല്ലാ സഹപൗരന്മാരോടും ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫെബ്രുവരി 28 നാണ് പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചത്. അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്നാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. .
ലോകത്തിലെ ഊർജ്ജത്തിന്റെ 20 ശതമാനം കൊണ്ടുപോകുന്ന ഒരു പ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലാണ്. സംഘർഷം ആരംഭിച്ചതിനുശേഷം, ഇറാൻ വളരെ കുറച്ച് കപ്പലുകളെ മാത്രമേ അതിലൂടെ കടന്നുപോകാൻ അനുവദിച്ചിട്ടുള്ളൂ. തുടര്‍ന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ എല്‍പിജി ക്ഷാമം നേരിട്ടു. സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ, ഇറാൻ, ഫ്രാൻസ്, ഇസ്രായേൽ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരുൾപ്പെടെ നിരവധി ലോക നേതാക്കളുമായി മോദി സംസാരിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും മോദി സംസാരിച്ചു.