Asianet News MalayalamAsianet News Malayalam

പിഎഫ്ഐ നിരോധനം: കേന്ദ്രം നടപടിയെടുത്തു, ഇനി ചെയ്യേണ്ടത് സംസ്ഥാനങ്ങൾ

നിരോധിച്ച 9 സംഘടനകളുടെയും ഓഫീസുകൾ പൂട്ടി മുദ്ര വയ്ക്കാനും സാമ്പത്തിക സ്രോതസ്സുകൾ കണ്ടുകെട്ടാനും സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

PFI Ban, Central Government asks states to lock and seal offices and confiscate financial resources of PFI
Author
First Published Sep 28, 2022, 1:15 PM IST

ദില്ലി: പിഎഫ്ഐ നിരോധനത്തിന് പിന്നാലെ സംസ്ഥാനങ്ങളോട് തുടർ നടപടിക്ക് നിർദ്ദേശിച്ച് കേന്ദ്രം. നിരോധിച്ച സംഘടനകളുടെ ഓഫീസുകൾ പൂട്ടി മുദ്ര വയ്ക്കും. ആസ്തികൾ കണ്ടുകെട്ടും. പേരുമാറ്റിയോ മറ്റേതെങ്കിലും തരത്തിലോ പ്രവർത്തനം തുടരുന്നുണ്ടോ എന്നും നിരീക്ഷിക്കും. നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. 

നിരോധന വിജ്ഞാപനത്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും നടപടിക്ക് നിർദേശം നല്‍കിയത്. നിരോധിച്ച 9 സംഘടനകളുടെയും ഓഫീസുകൾ പൂട്ടി മുദ്ര വയ്ക്കാനും സാമ്പത്തിക സ്രോതസ്സുകൾ കണ്ടുകെട്ടാനുമാണ് നിർദ്ദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സംസ്ഥാനങ്ങൾക്കും ജില്ലാ കളക്ടർമാർക്കും നിർദേശം നല്‍കിയത്. പോപ്പുലർ ഫ്രണ്ട് അടക്കം നിരോധിച്ച സംഘടനകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചെന്ന് കണ്ടെത്തിയ ഓഫീസുകളുടെയും മറ്റ് വസ്തുവകകളുടേയും പട്ടിക കളക്ടർമാർ തയ്യാറാക്കി മുദ്രവയ്ക്കണം. ഇവ തുടർന്ന് ഉപയോഗിക്കാന്‍ അനുവദിക്കില്ല. എല്ലാ തരത്തിലുള്ള പ്രചാരണ പരിപാടികളും നിരോധിക്കും. കളക്ടറുടെ അനുമതി കൂടാതെ കണ്ടുകെട്ടിയ കെട്ടിടങ്ങളില്‍ പ്രവേശിച്ചാല്‍ അറസ്റ്റടക്കമുള്ള നടപടികളുണ്ടാകും. സംഘടനയുടെ ചുമതലയുള്ള കൂടുതല്‍ പേരുടെ അറസ്റ്റും വൈകാതെ ഉണ്ടാകും. പേര് മാറ്റിയോ മറ്റേതെങ്കിലും തരത്തിലോ പ്രവർത്തനം തുടരുന്നുണ്ടോയെന്ന് നിരീക്ഷിക്കും. 

പിഎഫ്ഐ നിരോധനം: ആലുവയില്‍ ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ; കേന്ദ്രസേനയെത്തി

അതേസമയം നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷാ വിന്യാസം ശക്തമാക്കി. സംസ്ഥാന പൊലീസുമായി ചേർന്നാണ് നടപടികൾ. നിരോധിക്കപ്പെട്ട സംഘടനയിൽ നിന്ന് നേരത്തെ ഭീഷണിയുള്ളവർക്ക് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ ദില്ലി ഷഹീന്‍ബാഗിലെ ഓഫീസ് പരിസരത്ത് ഡ്രോണുപയോഗിച്ചുള്ള നിരീക്ഷണം തുടങ്ങി. ഉത്തർപ്രദേശ്, അസം, കൊല്‍ക്കത്ത തുടങ്ങിയ സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലകളില്‍ കേന്ദ്രസേനകളെ അടക്കം വിന്യസിച്ചു. 

 

Follow Us:
Download App:
  • android
  • ios