ദില്ലി: ട്വിറ്ററിൽ ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ 6 കോടി പിന്നിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. മോദിയെ പോലൊരു നേതാവിനെ ലഭിച്ചതിൽ രാഷ്ട്രത്തിന് അഭിമാനമാണെന്നും ​ഗോയൽ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ് 60 മില്യണ്‍ പേര്‍ പിന്തുടരുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ലോകനേതാക്കളിലൊരാള്‍ കൂടിയാണ് നരേന്ദ്ര മോദി.

ട്വിറ്ററിൽ 6 കോടി ഫോളോവേഴ്‌സിനെ മറികടന്നതിന് നമ്മുടെ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹത്തെ പോലൊരു  നേതാവിനെ ലഭിച്ചതിൽ രാഷ്ട്രത്തിന് അഭിമാനമുണ്ടെന്നും പീയുഷ് ​ഗോയൽ ട്വീറ്റ് ചെയ്തു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് 2009ൽ നരേന്ദ്രമോദി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്. 2010ൽ ഒരുലക്ഷം ആളുകളായിരുന്നു അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നത്. 2011ല്‍ ഇത് നാലുലക്ഷമായി ഉയര്‍ന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റായ ബരാക് ഒബാമയെ 120 മില്യണ്‍ ആളുകളാണ് ട്വിറ്ററില്‍ പിന്തുടരുന്നത്. ഡൊണാള്‍ഡ് ട്രംപിനെ  84 മില്യണ്‍ ആളുകളാണ് പിന്തുടരുന്നത്.