29 പേരാണ് ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ എന്നയാളും

ദില്ലി: രാജ്യത്തെ നടുക്കിയ ഭീ​കരാ​ക്രമണത്തിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നേരിടണമെന്നും മതത്തെ തീവ്രവാദികൾ ദുരുപയോ​ഗപ്പെടുത്തുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. തെക്കൽ കശ്മീരിലെ പഹൽ​ഗാമിലാണ് വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. ബൈസാറിൻ എന്ന കുന്നിൻമുകളിലേക്ക് ട്രക്കിങ്ങിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. 

29 പേരാണ് ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ എന്നയാളും ഉൾപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ 17 പേരിൽ മൂന്ന് മലയാളികളുടെ നില ​ഗുരുതരമായി തുടരുകയാണ്. ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്കർ ഇ ത്വയിബയാണെന്നാണ് വിവരം. പാകിസ്ഥാനിൽ നിന്ന് ആക്രമണം നിയന്ത്രിച്ചത് സൈഫുള്ള കസൂരിയാണ് എന്നാണ് റിപ്പോർട്ടുകൾ. രണ്ട് തദ്ദേശീയർ ഉൾപ്പെടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയത്. കശ്മീരിൽ നിന്നുള്ള രണ്ട് തദ്ദേശീയർ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നു. 2017 ൽ പരിശീലനത്തിനായി ഇവര്‍ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേര്‍ന്നുവെന്നാണ് വിലയിരുത്തല്‍. ഭീകരർക്ക് ബൈക്കുകൾ കിട്ടിയത് എവിടെ നിന്നാണെന്ന് അന്വേഷിക്കുന്നുണ്ട്. എൻ ഐ എ സംഘം പഹൽഗാമിലേക്ക് പോയിട്ടുണ്ട്. ഒരു പ്രാദേശിക ഭീകരനെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്. 

Read More:കശ്മീര്‍ ടൂറിസത്തെ താറുമാറാക്കി പഹൽഗാം ഭീകരാക്രമണം; യാത്രകൾ റദ്ദാക്കി വിനോദസഞ്ചാരികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം