ദില്ലി: സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ പരിഗണിക്കാതെ പരീക്ഷകൾക്ക് നിര്‍ദ്ദേശം നൽകാൻ യുജിസിക്ക് സാധിക്കുമോ എന്ന് സുപ്രീംകോടതി ചോദിച്ചു. പരീക്ഷകൾക്ക് ഉത്തരവിടുന്നതിന് മുമ്പ് സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കേണ്ടതല്ലേ എന്ന് ചോദിച്ച കോടതി, കേസ് വിധി പറയാൻ
മാറ്റിവെച്ചു. 

സെപ്റ്റംബര്‍ 30നകം സര്‍വ്വകലാശാല അവസാന വര്‍ഷ പരീക്ഷകൾ പൂര്‍ത്തിയാക്കണമെന്ന യു ജി സി നിര്‍ദ്ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതി വാദം പൂര്‍ത്തിയാക്കിയത്. മൂന്ന് ദിവസത്തിനകം വാദങ്ങൾ രേഖാമൂലം നൽകാൻ ഹര്‍ജിക്കാരോട് കോടതി പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന് പുറമെ, ഓഡീഷ, പശ്ചിമബംഗാൾ സര്‍ക്കാരുകളും യു.ജി.സി തീരുമാനത്തെ എതിര്‍ത്തു. 31 വിദ്യാര്‍ത്ഥികളും യുവസേന നേതാവ് ആദിത്യതാക്കറെയും ഉൾപ്പടെയുള്ളവരാണ് യു ജി സി തീരുമാനം ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 

അവസാന വര്‍ഷ പരീക്ഷകൾ വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് പൂര്‍ത്തിയാക്കിയേ മതിയാകൂവെന്ന് യുജിസി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് പരീക്ഷ നടത്താൻ യു ജി സിക്ക് അനുമതി നൽകിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കോടതിയെ അറിയിച്ചിരുന്നു.

Read Also: ശിവശങ്കറിനെ കൂടാതെ സ്വപ്നയുമായി ബന്ധമുള്ള ഉന്നതർ ആരെന്ന് മുഖ്യമന്ത്രി പറയണം: ചെന്നിത്തല...