എന്‍ജിഒകളോ ട്രസ്റ്റോ സംഭാവന വെളിപ്പെടുത്താന്‍ തയാറാകുമ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് എന്തുകൊണ്ടാണ് അത് മറച്ചു വയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചോദിച്ചു

ദില്ലി: പിഎം കെയര്‍ ഫണ്ടിലേക്ക് സംഭാവന ചെയ്തവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. എന്‍ജിഒകളോ ട്രസ്റ്റോ സംഭാവന വെളിപ്പെടുത്താന്‍ തയാറാകുമ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് എന്തുകൊണ്ടാണ് അത് മറച്ചു വയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചോദിച്ചു. പിഎം കെയര്‍ ഫണ്ട് തുടങ്ങി അഞ്ച് ദിവസത്തിനുള്ളില്‍ 3,076 കോടി രൂപ ലഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

തുകയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടെങ്കിലും സംഭാവന നല്‍കിയവരുടെ പേരുകള്‍ പരസ്യപ്പെടുത്തിയിരുന്നില്ല. ഇതിനെതിരെയാണ് കോണ്‍ഗ്രസ് ഇപ്പോൾ രംഗത്തെത്തിയത്. ലഭിച്ച തുകയിൽ 39.67 ലക്ഷം രൂപ വിദേശത്ത് നിന്നുള്ള സംഭാവനയായിരുന്നു. പലിശയായി 35 ലക്ഷം രൂപയും ലഭിച്ചിരുന്നു. പിഎം ട്രസ്റ്റിലേക്ക് വരുന്ന സംഭാവനകൾ സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും നൽകുന്നതാണെന്നും ഇതിൽ പൊതുപണമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ സിഎജി ഓഡിറ്റ് ആവശ്യമില്ലെന്ന് പറഞ്ഞത്. ഒൻജിസിയും വിവിധ സർക്കാർ വകുപ്പുകളും പിഎം കെയർസിലേക്ക് 2000 കോടി സംഭാവന നൽകിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.