ദില്ലി: കൊവിഡ് പ്രതിസന്ധി നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. തലക്കെട്ട് മാത്രമെഴുതിയ കാലി പേപ്പറാണ് മോദിയുടെ പ്രഖ്യാപനമെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. കാലി പേപ്പര്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എങ്ങനെയാണ് പൂരിപ്പിക്കുന്നതെന്നാണ് താന്‍ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സമ്പദ് വ്യവസ്ഥയിലേക്ക് സര്‍ക്കാര്‍ ഇറക്കുന്ന അധിക പണം ഞങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തും. ആര്‍ക്കാണ് ഗുണം ലഭിക്കുന്നതെന്ന് പരിശോധിക്കും. പാവങ്ങള്‍ക്കും പട്ടിണികിടക്കുന്നവര്‍ക്കും വീടുകളിലെത്താന്‍ 100കണക്കിന് കിലോമീറ്റര്‍ താണ്ടുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കും ഗുണം ലഭിക്കുന്നുണ്ടെ എന്നത് പരിശോധിക്കുമെന്നും ചിദംബരം പറഞ്ഞു. 

ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് രാജ്യത്തെ സാമ്പത്തിക രംഗം ഉത്തേജിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ജിഡിപിയുടെ 10 ശതമാനമാണ് പാക്കേജ് വിഹിതം. എന്നാല്‍, പാക്കേജിന്റെ വിശദാംശങ്ങള്‍ ബുധനാഴ്ച നാല് മണിയോടെ മാത്രമേ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിക്കുകയുള്ളൂ.  കൊവിഡ് വ്യാപനത്തിന് ശേഷം മൂന്നാമത്തെ പാക്കേജാണ് പ്രഖ്യാപിക്കുന്നത്. ആദ്യം 15000 കോടിയുടെ പാക്കേജും രണ്ടാമത് 1.70 ലക്ഷം കോടിയുടേതുമായിരുന്നു പ്രഖ്യാപനം.