അടുത്ത സർക്കാരിന്‍റെ ആദ്യത്തെ 100 ദിന പരിപാടികൾ ചർച്ചയാകുമെന്നാണ് റിപ്പോർട്ട്‌. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം, റേമൽ ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടം എന്നിവയും യോഗങ്ങളിൽ വിലയിരുത്തും.

ദില്ലി: എക്സിറ്റ് പോളുകൾ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ഏഴ് വ്യത്യസ്ത യോഗങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേരുക. യോഗങ്ങളിൽ അടുത്ത സർക്കാരിന്‍റെ ആദ്യത്തെ 100 ദിന പരിപാടികൾ ചർച്ചയാകുമെന്നാണ് റിപ്പോർട്ട്‌. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം, റേമൽ ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടം എന്നിവയും യോഗങ്ങളിൽ വിലയിരുത്തും.

എക്സിറ്റ് പോള്‍ ഫലം വന്നതോടെ ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിച്ചു. തെക്കേ ഇന്ത്യയിലും, കിഴക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും എക്സിറ്റ് പോളുകളെ ശരിവയ്ക്കുന്ന ഫലം വരുമെന്നാണ് പ്രതീക്ഷ. ധ്യാനത്തിന് ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം നടന്നു. തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാനും വോട്ടിംഗ് മെഷീനെതിരായ പ്രചാരണത്തെ ചെറുക്കാനുമുള്ള വഴികള്‍ ആലോചിക്കാന്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്‍റെ നേതൃത്വത്തിലും യോഗം നടന്നു. സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണം നടത്തും. ചൊവ്വാഴ്ചയോടെ ഇന്ത്യ സഖ്യ നേതാക്കളെ തപ്പി നടക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.

അതേസമയം ബംഗാളിലെ എക്സിറ്റ് പോള്‍ ഫലങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രവചനം പങ്കുവച്ചാണ് ഫലങ്ങളെ ചോദ്യംചെയ്യുന്നത്. തൃണമൂലിനെ കടത്തിവെട്ടി 150നടുത്ത് സീറ്റുകള്‍ ബിജെപി നേടുമെന്നായിരുന്നു പ്രവചനങ്ങളെങ്കില്‍ ഫലം വന്നപ്പോള്‍ തൃണമൂലിന് 215 സീറ്റും ബിജെപിക്ക് 77 സീറ്റുമാണ് കിട്ടിയത്. ബംഗാളിലെ ഫലങ്ങളില്‍ സന്ദേഹമുണ്ടെന്ന് ആക്സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത പറയുന്ന വിഡിയോയും നേതാക്കള്‍ പങ്കുവച്ചിട്ടുണ്ട്. എക്സിറ്റ് പോള്‍ ഫലം ഇങ്ങനെയേ വരികയുള്ളൂവെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. 

വോട്ടെണ്ണി കഴിയുമ്പോള്‍ 295ല്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്ന് തന്നെയാണ് നേതാക്കൾ ആവര്‍ത്തിക്കുന്നത്.എക്സിറ്റ് പോള്‍ ഫലം വന്നതിന് പിന്നാലെ സ്ഥാനാര്‍ത്ഥികള്‍, പിസിസി അധ്യക്ഷന്മാര്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിച്ചു. ആത്മവിശ്വാസം കൈവിടരുതെന്നും സംസ്ഥാനങ്ങളിലെ സാഹചര്യമല്ല എക്സിറ്റ് പോളുകളില്‍ പ്രതിഫലിച്ചിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ്; അരുണാചലിൽ ബിജെപിക്കും സിക്കിമില്‍ ക്രാന്തികാരി മോര്‍ച്ചയ്ക്കും തുടർഭരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം