ദില്ലി: കൊവിഡ് പ്രതിരോധ മരുന്ന് ഉത്പാദനത്തിന് എല്ലാ നടപടിയും ഇന്ത്യ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാംഘട്ട പരീക്ഷണം അയൽ രാജ്യങ്ങളിലും തുടരുന്നുണ്ടെന്ന് മോദി പറഞ്ഞു. ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഐക്യരാഷ്ട്രസഭക്കെതിരെ രൂക്ഷ വിര്‍ശനമാണ് പ്രസംഗത്തില്‍ നരേന്ദ്ര മോദി ഉയര്‍ത്തിത്. മഹാമാരി തടയുന്നതിൽ ഐക്യരാഷ്ട്രസഭയുടെ പങ്ക് എന്തെന്നും സുരക്ഷാസമിതി സ്ഥിരാംഗത്വത്തിൽ നിന്ന് എത്രകാലം ഇന്ത്യയെ മാറ്റിനിര്‍ത്തുമെന്നും മോദി പൊതുസഭയിലെ പ്രസംഗത്തിൽ ചോദിച്ചു. ഭീകരവാദത്തിനെതിരെ ഉറച്ച നിലപാട് എടുക്കുമെന്ന് പറഞ്ഞ നരേന്ദ്ര മോദി ഇമ്രാൻഖാന്‍റെ ആരോപണങ്ങൾക്ക് നേരിട്ട് മറുപടി നൽകിയില്ല. ഇന്നലെ ഇമ്രാൻ നടത്തിയ പ്രസംഗത്തിൽ പ്രതിഷേധിച്ച് ഇന്ത്യയുടെ പ്രതിനിധി പൊതുസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.

അടുത്തകാലത്തൊന്നും ഒരിന്ത്യൻ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്ത രൂക്ഷവിമര്‍ശനമാണ് ഐക്യരാഷ്ട്രസഭക്കെതിരെ നരേന്ദ്ര മോദി നടത്തിയത്. സുരക്ഷാസമിതി സ്ഥിരാംഗത്വം ചൈന പോലുള്ള രാജ്യങ്ങൾ മുടക്കുന്നതിന് എതിരെയായിരുന്നു നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. ഇനിയും കാത്തിരിക്കാനാകില്ല എന്ന് വ്യക്തമാക്കിയ മോദി പൊളിച്ചെഴുത്ത് ഉടനെ വേണം എന്ന് ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ മുന്നറിയിപ്പ് നൽകിയെങ്കിലും പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങൾക്ക് മോദി നേരിട്ട് മറുപടി നൽകിയില്ല. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തര്‍ക്കവും പരാമര്‍ശിച്ചില്ല. 

ഇന്നലെ ഇമ്രാൻ ഖാന്‍റെ പ്രസംഗത്തിൽ ഇരുപത് തവണയാണ് ഇന്ത്യയെ കുറിച്ച് പരാമര്‍ശിച്ചത്. പാക്കിസ്ഥാൻ പ്രധാനമന്ത്രിക്കെതിരെ ഇറങ്ങിപ്പോക്ക് നടത്തിയ ഇന്ത്യയുടെ പ്രതിനിധി മജീദോ വിനിദോ മറുപടി നൽകാനുള്ള അവകാശം ശക്തമായി ഉപയോഗിക്കുകയും ചെയ്തു. ഒസാമ ബിൻലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച ഇമ്രാൻ ഖാൻ മനുഷ്യാവകാശം പഠിപ്പിക്കേണ്ടെന്നും പാക്ക് അധീനകശ്മീര്‍ ഒഴിയണമെന്നും ഇന്ത്യ തിരിച്ചടിച്ചിരുന്നു.