ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് പ്രസിഡന്റ് ആയിരുന്ന വേളയില്‍ ഇന്ത്യ - അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നിതില്‍ ബൈഡന്റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നെന്ന് മോദി ട്വീറ്റ് ചെയ്തു.

ഇന്ത്യ - യുഎസ് ബന്ധം ഉന്നതിയില്‍ എത്തുന്നതിന് ഒരിക്കല്‍ക്കൂടി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും മോദി വ്യക്തമാക്കി. കമല ഹാരിസിന്റെ ഉജ്വല വിജയം ഇന്ത്യ അമേരിക്കക്കാർക്ക് അഭിമാനമേകുന്നുവെന്നും മോദി അഭിനന്ദന ട്വീറ്റിൽ പറഞ്ഞു.കമലയുടെ പിന്തുണയും നേതൃത്വവും ഇരു രാജ്യങ്ങളുടേയും ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് ഉറപ്പുണ്ടെന്നും മോദി പഞ്ഞു. 

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി അടുത്ത സൗഹൃദമാണ് നരേന്ദ്രമോദി വച്ചു പുല‍ർത്തിയിരുന്നത്. ഹൂസ്റ്റണിൽ സംഘടിപ്പിച്ച ഹൗഡി മോദി പരിപാടിയും പിന്നീട് ട്രംപിന് ​ഗുജറാത്തിൽ നൽകിയ സ്വീകരണത്തിലും ഇരുവരും പരസ്പരം പ്രശംസിക്കുകയും തങ്ങൾ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് വാചാലരാവുകയും ചെയ്തിരുന്നു. 

മറ്റു രാജ്യങ്ങളുടെ അഭ്യന്തരകാര്യങ്ങളിൽ അകലം പാലിച്ചു നിൽക്കുക എന്ന ഇന്ത്യയുടെ പരമ്പരാ​ഗത വിദേശനയം മറികടന്ന് ട്രംപിന് വീണ്ടും ജയിപ്പിക്കണമെന്ന് മോദി അമേരിക്കയിലെ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിരുന്നു. ആപ്പ് കീ ബാ‍ർ ട്രംപ് സ‍ർക്കാർ എന്ന മോദിയുടെ പ്രസ്താവന രാജ്യത്തെ പ്രതിപക്ഷ പാ‍‍ർട്ടികളിൽ നിന്നും രൂക്ഷമായ വിമർശനം വിളിച്ചു വരുത്തുകയും ചെയ്തു.