ദില്ലി: പൗരത്വ ഭേദഗതിയുടെ പേരിലെ വിമര്‍ശനങ്ങള്‍ക്ക് ലോക്സഭയില്‍ എണ്ണിയെണ്ണി മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിച്ച മോദി രാഹുല്‍ഗാന്ധിയെയും ശശിതരൂരിനെയും പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചു. കശ്മീരിന്‍റെ മരുമകനായതിനാല്‍ തരൂരിന് ഉത്കണ്ഠയുണ്ടാകുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം. സുനന്ദപുഷ്കര്‍ കശ്മിരിയാണെന്നത് ഓര്‍മ്മിക്കുന്നതായിരുന്നു മോദിയുടെ പരാമര്‍ശം.

കഴിഞ്ഞ ദിവസം മോദിയെയും കേന്ദ്രസര്‍ക്കാരിനെയും ശശിതരൂര്‍ കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മോദിയുടെ ഡിജിറ്റൽ ഇന്ത്യ,​ സ്കിൽ ഇന്ത്യ,​ സ്റ്റാർട്ടപ് ഇന്ത്യ പദ്ധതികളുടെ പേരുകൾ മാറ്റി സിറ്റ് ‌ഡൗൾ ഇന്ത്യ,​ ഷട്ട് ഡൗൺ ഇന്ത്യ,​ ഷട്ട് അപ് ഇന്ത്യ എന്നൊക്കെ ആക്കി മാറ്റണമെന്നും തരൂർ അഭിപ്രായപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി, കശ്മീരിന്‍റെ ഭരണഘടന പദവി റദ്ദാക്കല്‍ വിഷയങ്ങളിലും തരൂര്‍ മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതൊക്കെയാണ് ലോക്സഭയില്‍ പേരെടുത്ത് പറഞ്ഞ് തരൂരിനെ കടന്നാക്രമിക്കാന്‍ മോദിയെ പ്രേരിപ്പിച്ചതെന്നാണ് വ്യക്തമാകുന്നത്.

അതേസമയം ലോക്സഭയിൽ  പൗരത്വ ഭേദഗതിയ്ക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെയും മോദി വിമര്‍ശനമുന്നയിച്ചു. രാജ്യത്തെ വെട്ടിമുറിക്കുന്നവര്‍ക്ക് ഒപ്പം നിന്നാണ് ചിലര്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നത്. രാജ്യത്തെ മുസ്ലിങ്ങളെ ഭയപ്പെടുത്താനാണ് പാകിസ്ഥാൻ എപ്പോഴും ശ്രമിച്ചത്. പാകിസ്ഥാന്‍റെ ഭാഷയിലാണ് ചിലര്‍ സംസാരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഒപ്പം നിന്ന് പ്രതിപക്ഷം ഫോട്ടോ എടുക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 

ഷഹീൻബാഗ് സമരത്തെ പരോക്ഷമായി പരാമര്‍ശിച്ച പ്രധാനമന്ത്രി, പ്രതിപക്ഷം അക്രമ സമരങ്ങളെ പിന്നിൽ നിന്ന് പിന്തുണക്കുകയാണെന്നും കുറ്റപ്പെടുത്തി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദി പ്രമേയ ചര്‍ച്ചക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങൾ. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം പലതവണ പ്രതിഷേധ സ്വരമുയര്‍ത്തി ബഹളം വച്ചു.

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സഹായിക്കാൻ നിയമം മാറ്റണമെന്ന് ജവഹര്‍ലാൽ നെഹ്റു പറഞ്ഞെന്ന് പ്രസംഗിച്ച നരേന്ദ്രമോദി നെഹ്റു വർഗ്ഗീയവാദിയായിരുന്നോ എന്നും ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു.