സാമ്പത്തിക രംഗം മെച്ചപ്പെടുത്താനും കൂടുതല്‍ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനുമൊപ്പം പ്രാദേശിക നിക്ഷേപം ഉയര്‍ത്തുന്നതടക്കമുള്ള കാര്യങ്ങള്‍ മോദി ചര്‍ച്ച ചെയ്തു.
ദില്ലി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അടിയന്തര ചര്‍ച്ചകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക രംഗം മെച്ചപ്പെടുത്താനും കൂടുതല്‍ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനുമൊപ്പം പ്രാദേശിക നിക്ഷേപം ഉയര്‍ത്തുന്നതടക്കമുള്ള കാര്യങ്ങള്‍ മോദി ചര്‍ച്ച ചെയ്തു.
നിക്ഷേപങ്ങളുടെ അവസ്ഥ, പ്രതിരോധ, എയ്റോ സ്‌പേസ് മേഖല, ഖനി, ധാതു മേഖല എന്നിവ അദ്ദേഹം അവലോകനം ചെയ്തു. വളരെ വേഗത്തില്‍ ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ കൊണ്ടു വരാനുള്ള വ്യത്യസ്തമായ മാര്‍ഗങ്ങളും രാജ്യത്തെ ആഭ്യന്തര മേഖലയെ കുറിച്ചുമാണ് ആദ്യം ചര്‍ച്ച നടത്തിയത്.
ലോകത്ത് ചൈനയ്ക്ക് എതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇങ്ങനെ ഒരു ചര്‍ച്ച നടത്തിയത്. പല കമ്പനികളും അവരുടെ തട്ടകം ചൈനയില്‍ നിന്ന് മാറ്റാന്‍ പോവുകയാണെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പ്രതിരോധ, എയ്റോ സ്പേസ് മേഖലയിലാണ് മറ്റൊരു സുപ്രധാന തീരുമാനമുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ എത്രയും വേഗം പ്രതിരോധരംഗത്തെ വിദേശസഹായം കുറയ്ക്കണമെന്ന് മോദി പറഞ്ഞു.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി മുന്നില്‍ നിര്‍ത്തി പ്രതിരോധ ഉപകരണങ്ങള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത് നിര്‍മ്മിക്കാന്‍ സാധിക്കണമെന്ന് മോദി പറഞ്ഞു. പ്രതിരോധരംഗത്ത് നടപ്പാക്കേണ്ട പറ്റ് പരിഷ്കാരങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. അതേസമയം, രണ്ടാംഘട്ട ദേശീയ ലോക്ഡൗൺ അവസാനിക്കാൻ ഇനി മൂന്നു ദിവസം ശേഷിക്കെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് കേന്ദ്രത്തിൽ കൂടിയാലോചന തുടരുന്നു.
ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. ഗ്രാമീണ മേഖലകളിലും പ്രശ്നബാധിതമല്ലാത്ത ജില്ലകളിലും കൂടുതൽ ഇളവ് നല്കുന്ന മാർഗനിർദ്ദേശം പുറത്തിറക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക തീവണ്ടി തന്നെ വേണം എന്ന സംസ്ഥാനങ്ങളുടെ ആവശ്യവും കേന്ദ്രം വിലയിരുത്തും. പ്രവാസികളുടെ രജിസ്ട്രേഷൻ എംബസികൾ തുടങ്ങിയിരുന്നു. ഗൾഫ് മേഖലയിലെ ഭരണാധികാരികളുമായി നിരന്തരം സമ്പർക്കത്തിലാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
