ഗാന്ധി നഗർ - മുംബൈ വന്ദേഭാരത് ട്രെയിന്‍റെ ആദ്യ സർവീസും അഹമ്മദാബാദ് മെട്രോയുടെ ആദ്യ ഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു

ഗാന്ധിനഗര്‍: ഗുജറാത്ത് സന്ദർശനത്തിന്‍റെ രണ്ടാം ദിവസവും വമ്പൻ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി നഗർ - മുംബൈ വന്ദേഭാരത് ട്രെയിന്‍റെ ആദ്യ സർവീസും അഹമ്മദാബാദ് മെട്രോയുടെ ആദ്യ ഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 

മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസാണ്. ന്യൂഡൽഹി-വാരാണസി റൂട്ടിലും ന്യൂഡൽഹി-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റൂട്ടിലുമാണ് നിലവിൽ വന്ദേഭാരത് ട്രെയിനുകൾ സ‍ര്‍വ്വീസ് നടത്തുന്നത്. 2023 ആഗസ്റ്റ് 15-ന് മുൻപ് രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് 75 വന്ദേഭാരത് ട്രെയിനുകൾ സര്‍വ്വീസ് ആരംഭിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 

ഗാന്ധി നഗറിൽ നിന്ന് കാലുപൂർ സ്റ്റേഷൻ വരെ പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്തു. തുടർന്ന് അഹമ്മദാബാദിൽ നടന്ന പൊതു യോഗത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. അമേരിക്കൻ നഗരങ്ങളായ ന്യൂ ജേഴ്സിയേയും ന്യൂയോർക്കിനെയും പോലെ ഗാന്ധിനഗറിനെയും അഹമ്മദാബാദിനെയും വികസിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 7200 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കും മോദി ഇന്ന് ഗുജറാത്തിൽ തറക്കല്ലിടും. 

തുടര്‍ന്ന് അംബാജിയില്‍ റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി. അംബാജി ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ഗബ്ബാര്‍ തീര്‍ത്ഥില്‍ ഇദ്ദേഹം ആരതിയും നടത്തി. 

മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ ‍ഡിസംബറോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടായി അധികാരത്തിൽ തുടരുന്ന ഗുജറാത്തിൽ വിജയം ആവ‍ര്‍ത്തിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ബിജെപി. 

വന്ദേഭാരത് നാളെ മുതൽ...

വിമാനങ്ങളിലേതിന് സമാനമായ സൗകര്യങ്ങളോട് കൂടി ആധുനിക തീവണ്ടിയാണ് വന്ദേഭാരത് എക്സ്പ്രസ്സ്. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള നവീന സാങ്കേതിക വിദ്യയായ കവാച്ച് അടക്കമുള്ള സുരക്ഷ സംവിധാനകൾ ഈ ട്രെയിനിലുണ്ട്. 

ഇന്ന് ഉദ്ഘാടനം കഴിഞ്ഞെങ്കിലും നാളെ മുതലാവും ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് സൂപ്പർഫാസ്റ്റ് എക്സ്പ്രസിൻ്റെ റെഗുല‍ര്‍ സര്‍വ്വീസ് ആരംഭിക്കുക. ഞായറാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും വന്ദേഭാരത് സര്‍വ്വീസുണ്ടാവും. മുംബൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് രാവിലെ 6:10ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12:30ന് ഗാന്ധിനഗറിലെത്തും. മടക്കയാത്രയ്ക്കായി ഗാന്ധിനഗറിൽ നിന്ന് ഉച്ചയ്ക്ക് 2:05 ന് പുറപ്പെട്ട് രാത്രി 8:35 ന് മുംബൈ സെൻട്രലിൽ എത്തിച്ചേരും. സൂറത്ത്, വഡോദര, അഹമ്മദാബാദ് സ്റ്റേഷനുകളിൽ മാത്രമാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. 

എക്‌സിക്യൂട്ടീവ് ചെയർ കാറിൽ മുംബൈ-അഹമ്മദാബാദ് യാത്രയ്ക്ക് 2,505 രൂപയും ചെയർ കാറിന് 1,385 രൂപയുമാണ് നിരക്ക്. 16 കോച്ചുകളുള്ള വന്ദേഭാരതിന് 160 കിലോമീറ്റര്‍ വേഗതയിൽ വരെ സഞ്ചരിക്കാനാവും. നിലവിൽ ഇതേ റൂട്ടിൽ ഈ സമയത്ത് ഓടുന്ന മുംബൈ-അഹമ്മദാബാദ് ശതാബ്ദി എക്‌സ്‌പ്രസിന്റെ സമയം പുനഃക്രമീകരിച്ചാണ് വന്ദേഭാരത് സൂപ്പര്‍ഫാസ്റ്റിനെ റെയിൽവേ ടൈംടേബിളിൽ ഉൾപ്പെടുത്തിയത്.