ഏഷ്യാനെക്സ്റ്റ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കല്‍റ, ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, സുവര്‍ണ ന്യൂസ് എഡിറ്റര്‍ അജിത് ഹനമക്കനാവര്‍ എന്നിവരാണ് മോദിയുമായി അഭിമുഖം നടത്തിയത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുദീര്‍ഘ അഭിമുഖം ഏഷ്യാനെറ്റ് ന്യൂസില്‍. ഇത് ആദ്യമായാണ് പ്രധാനമന്ത്രി ഒരു മലയാള മാധ്യമത്തിന് അഭിമുഖം അനുവദിക്കുന്നത്. മോദിയുടെ ഏറ്റവും ദീര്‍ഘമായ അഭിമുഖം കൂടിയാണ് ഇത്. ലോക്സഭ തെരഞ്ഞെടുപ്പ് ഘട്ടങ്ങളായി പുരോഗമിക്കവേയാണ് മോദി കേരളത്തിലെ നമ്പര്‍ വണ്‍ വാര്‍ത്താ ചാനലിന് അഭിമുഖം അനുവദിച്ചത്. ഏഷ്യാനെക്സ്റ്റ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കല്‍റ, ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, സുവര്‍ണ ന്യൂസ് എഡിറ്റര്‍ അജിത് ഹനമക്കനാവര്‍ എന്നിവരാണ് മോദിയുമായി അഭിമുഖം നടത്തിയത്.

സഹകരണ ബാങ്ക് തട്ടിപ്പ്, ഇഡി, ദക്ഷിണേന്ത്യയോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാട്ടുന്നുവെന്ന പ്രതിപക്ഷ ആരോപണം തുടങ്ങിയ നിരവധി വിവാദ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് മോദി അഭിമുഖത്തില്‍ പ്രതികരിച്ചു. കേന്ദ്രഭരണത്തില്‍ എന്‍ഡിഎ ഹാട്രിക് തികയ്ക്കുമെന്ന പ്രതീക്ഷ ആവര്‍ത്തിച്ച മോദി, ദക്ഷിണേന്ത്യയില്‍ ബിജെപി നേട്ടമുണ്ടാക്കും എന്നും അവകാശപ്പെട്ടു. കേരളത്തിലെ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണത്തില്‍ വിട്ടുവീഴ്ചയില്ല എന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെയും അഭിമുഖത്തിലുടനീളം വിമര്‍ശിച്ചു.

അഭിമുഖത്തിലെ മോദിയുടെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്:

  • കേന്ദ്ര ഭരണത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഹാട്രിക് തികയ്ക്കും.
  • രാഹുല്‍ ഗാന്ധിക്ക് വയനാട് വിടേണ്ടിവരും.
  • ദക്ഷിണേന്ത്യ ബാലികേറാമലയല്ല, ബിജെപി സീറ്റും വോട്ട് ഷെയറും വര്‍ധിപ്പിക്കും.
  • ഒരു രൂപ ചിലവഴിക്കുമ്പോള്‍ 15 പൈസ മാത്രം പൊതുജനത്തിന്റെ കൈകളിലെത്തുന്ന കാലം കഴിഞ്ഞു.
  • കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന സൗജന്യമല്ല, ശാക്തീകരണമാണ് രാജ്യത്തിന് ആവശ്യം.
  • ഇഡി അടക്കം എല്ലാ അന്വേഷണ ഏജന്‍സികളും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്.
  • സ്വതന്ത്രമായി ജോലി ചെയ്യാനുള്ള നിര്‍ദേശമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയത്.
  • പ്രധാനമന്ത്രിയോ സര്‍ക്കാരോ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ല.
  • ഇഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ആരോപണം കള്ളമാണ്.
  • കേരള മുഖ്യമന്ത്രി പിണറായി വിജയനോടും കുടുംബത്തോടും യാതൊരു മൃദുസമീപനവും ഇല്ല.
  • കരുവന്നൂര്‍ അടക്കം സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ ശക്തമായ അന്വേഷണം നടക്കും.
  • പണം നഷ്ടമായവര്‍ക്ക് തുക തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിക്കും.
  • ബിജെപി ക്രൈസ്തവര്‍ക്കൊപ്പമാണ്.
  • സഭാതര്‍ക്കത്തില്‍ ഇടപെടണമെന്ന് ബിഷപ്പുമാര്‍ നേരിട്ട് ആവശ്യപ്പെട്ടു.
  • ഗള്‍ഫ് രാജ്യങ്ങളുമായുള്ള നല്ല ബന്ധം ഗുണകരമാകുന്നത് കേരളത്തിലെ പ്രവാസികള്‍ക്കാണ്.