കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് അശോക് ഗെഹ്‍ലോട്ട് സര്‍ക്കാര്‍ രാജസ്ഥാനത്തെ തകര്‍ത്തെന്ന് പ്രധാനമന്ത്രി

ജയ്പൂര്‍: രാജസ്ഥാനില്‍ 7000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തന്റെ സർക്കാർ രാജസ്ഥാന്റെ വികസനത്തിന് മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് തുടക്കമിട്ട വിവിധ വികസന പദ്ധതികൾ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജസ്ഥാനില്‍ എക്‌സ്‌പ്രസ് വേ, ഹൈവേ, റെയിൽവേ തുടങ്ങിയ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

ഭൂതകാലത്തിന്റെ പൈതൃകവും വർത്തമാന കാലത്തിന്റെ ശക്തിയും ഭാവിയുടെ സാധ്യതകളും രാജസ്ഥാനിലുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു, 'ത്രിശക്തി' എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാജസ്ഥാന്റെ ഈ 'ത്രിശക്തി' രാജ്യത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

സ്വദേശ് ദർശൻ സ്കീമിന് കീഴിൽ നഥദ്വാരയിൽ (രാജ്സമന്ദ്) ടൂറിസം സൗകര്യങ്ങൾ, നഥദ്വാരയിലെ ആധുനിക ടൂറിസ്റ്റ് ഇന്റർപ്രെറ്റേഷൻ ആൻഡ് കൾച്ചറൽ സെന്റർ, കോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ (ഐഐഐടി) സ്ഥിര കാമ്പസ് എന്നിവയും പ്രധാനമന്ത്രി സമർപ്പിച്ച പദ്ധതികളിൽ ഉൾപ്പെടുന്നു. ചടങ്ങിന് ശേഷം സംസ്ഥാനത്ത് ബിജെപി സംഘടിപ്പിച്ച പൊതുറാലിയിലും പ്രധാനമന്ത്രി പങ്കെടുത്തു.

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് അശോക് ഗെഹ്‍ലോട്ട് സര്‍ക്കാര്‍ രാജസ്ഥാനത്തെ തകര്‍ത്തെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ സംസ്ഥാനം ഒന്നാമതാണെന്ന വസ്തുത തന്നെ വേദനിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യ കേസുകള്‍ ഏറ്റവും കൂടുതല്‍ രാജസ്ഥാനിലാണ്. ഇതിനാണോ നിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്? ബിജെപിയെ തിരിച്ചുകൊണ്ടുവന്ന് സംസ്ഥാനത്തെ രക്ഷിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചെന്നും റാലിയില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു.

Scroll to load tweet…