ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി സെപ്തംബറില്‍ മോദി അമേരിക്കയിലേക്ക് പോകുമെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ 74-ാം പൊതുസമ്മേളനം സെപ്തംബര്‍ 17-നാണ് ആരംഭിക്കുന്നത്. 

പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ലെങ്കിലും യുഎന്‍ പൊതുസമ്മേളനത്തിനിടെ വിവിധ രാഷ്ട്രത്തലവന്‍മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും എന്നാണ് വിവരം. 

2014-ല്‍ ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ മോദി യുഎന്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മോദിക്ക് പകരം വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പൊതുസമ്മേളനത്തില്‍ പങ്കെടുത്തത്.