ദില്ലി: സഭാതര്‍ക്കത്തിൽ പ്രശ്നപരിഹാരം കാണാനായി പ്രധാനമന്ത്രിയുടെ ശ്രമം തുടരുന്നു. ഇന്നലെ ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ നരേന്ദ്രമോദി ഇന്ന് യാക്കോബായ സഭ പ്രതിനിധികളുമായി ചർച്ച നടത്തും. മിസ്സോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ളയോടൊപ്പമാണ് യാക്കോബായ വിഭാഗം മോദിയെ കാണുക. വിഷയത്തില്‍ സുപ്രീംകോടതി വിധിക്ക് പുറത്ത് ഒരു പരിഹാരവും ഇല്ലെന്ന് ഓർത്തഡോക്സ് സഭാ പ്രതിനിധികള്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. 

വിധിക്ക് പുറത്ത് മറ്റ് വഴി തേടുന്നതും അതിന് വേണ്ടി ആരെയെങ്കിലും നിര്‍ബന്ധിക്കുന്നതും തെറ്റാണെന്നുമുള്ള നിലപാടിലാണ് ഓർത്തഡോക്സ് സഭ. അയോധ്യ വിധി അംഗീകരിച്ച വഖഫ് ബോര്‍ഡിന്‍റെ നിലപാട് ചൂണ്ടികാട്ടിയ ഇവര്‍ സുപ്രീംകോടതി വിധിയെ യാക്കോബായ സഭ മാനിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന സഭ നിലപാട് ഇന്നലെ പ്രതിനിധികള്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ എഴുതി നല്‍കിയിരുന്നു.

അതേസമയം ബിജെപിയുടേത് കലക്കവെള്ളത്തില്‍ മീൻ പിടിക്കാനുള്ള ശ്രമമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തിയിരുന്നു. എന്തായാലും പ്രധാനമന്ത്രിയുമായുള്ള ഇന്നത്തെ ചർച്ചയിൽ യാക്കോബായ വിഭാഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോയെന്ന് കണ്ടറിയണം.