ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനം ബിഹാര്‍ ജനതക്ക് കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിന്റെ സമഗ്ര വികസനത്തിന് നിതീഷ് കുമാര്‍ സര്‍ക്കാരിനെ ആവശ്യമാണെന്ന് പ്രധാനമന്ത്രി കത്തില്‍ വ്യക്തമാക്കി. ഹിന്ദിയില്‍ എഴുതിയ നാല് പേജ് കത്താണ് മോദി ട്വീറ്റ് ചെയ്തത്. ബിഹാറിന്റെ സമഗ്ര വികസനത്തിന് നിതീഷ് കുമാറിന്റെ സര്‍ക്കാര്‍ ആവശ്യമാണെന്നും മോദി പറഞ്ഞു. ബിഹാറിന്റെ വികസന തുടര്‍ച്ച ഉറപ്പാക്കാന്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ആവശ്യമാണെന്നും വികസന പദ്ധതികള്‍ നിലയ്ക്കാതെ തുടരുമെന്നും മോദി ഉറപ്പ് നല്‍കി.

ഡബിള്‍ എന്‍ജിന്‍ സര്‍ക്കാറിന്റെ മികവില്‍ ദശാബ്ദക്കാലം സംസ്ഥാനത്തിന്റെ വികസനം പുതിയ ഉയരങ്ങള്‍ താണ്ടും. ജാതിയുടെയും സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ ബിഹാര്‍ ജനത വോട്ടു ചെയ്യരുതെന്നും വികസനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം തെരഞ്ഞെടുപ്പെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതിയില്ലാത്ത നല്ല ഭരണത്തിനാണ് വോട്ട് ചെയ്യേണ്ടത്. എന്‍ഡിഎയ്ക്ക് മാത്രമേ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാന്‍ കഴിയുകയുള്ളൂവെന്നും ബീഹാറിലെ സാമൂഹികവും സാമ്പത്തികവുമായ അഭിവൃദ്ധിക്ക് അനിവാര്യമായ നിയമവാഴ്ചയാണെന്നും പ്രധാനമന്ത്രി കത്തില്‍ പറഞ്ഞു.

വൈദ്യുതി, വെള്ളം, റോഡുകള്‍, ആരോഗ്യം, വിദ്യാഭ്യാസം, ക്രമസമാധാനം എന്നിവ ഉറപ്പാക്കാനായി എന്‍ഡിഎ എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ 12 റാലികളിലാണ് മോദി പങ്കെടുത്തത്. കടുത്ത മത്സരമാണ് ബിഹാറില്‍ എന്‍ഡിഎ നേരിടുന്നത്. ഇത് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.