ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതിന്‍റെ പ്രക്ഷേപണം ഇന്ന് മുതൽ പുനരാരംഭിക്കും. നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ മൻ കി ബാതാണ് ഇന്ന് ജനങ്ങളിലേക്ക് എത്തുക.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിപാടി അവസാനമായി പ്രക്ഷേപണം ചെയ്തത്. പൊതുജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയക്കാനായി ടോള്‍ ഫ്രീ നമ്പറും ഓൺലൈൻ സംവിധാനവും ഇത്തവണ നൽകിയിരുന്നു. മന്‍ കി ബാതിന്‍റെ 54-ാം എപ്പിസോഡാണ് ഇന്ന് പ്രക്ഷേപണം ചെയ്യുന്നത്. 

എല്ലാ മാസത്തിലെയും അവസാനത്തെ ഞായറാഴ്ചയാണ് ആകാശവാണിയിലൂടെ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. 2014 ഒക്ടോബര്‍ മൂന്ന് മുതലാണ് മന്‍ കി ബാത് ആരംഭിച്ചത്.